കെ.സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
‘ഉയരുമിവിടെ ത്രിവര്‍ണ്ണ പതാക, ഉയര്ന്നുകേള്ക്കുമിവിടെ ‘വന്ദേമാതരം …’ 1991 ജനുവരി 26; ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാകയുമേന്തിക്കൊണ്ട് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ മുദ്രാവാക്യമാണിത്. ബിജെപി അധ്യക്ഷന്‍ ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ‘ഏകതായാത്ര’യുടെ ഭാഗമായാണ് മോദിയും സംഘവും ശ്രീനഗറിലെത്തിയത്. ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനെതിരെ കശ്മീര്‍ ഭീകര പ്രസ്ഥാനങ്ങള്‍ ‘മുന്നറിയിപ്പ്’ നല്‍കിയിരുന്നു. എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ അവിടെ രാജ്യത്തിന്റെ ദേശീയ പതാകയുയര്‍ത്തുന്നതിന് സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം ഡോ. ജോഷി അടക്കമുള്ളവര്‍ അവിടേക്ക് പ്രവേശിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ജോഷി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ആ യാത്രയുടെ സംയോജകനായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെ കുറച്ചുപേര്‍ക്ക് ശ്രീനഗറില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കേണ്ടി വന്നു. അന്ന് നരേന്ദ്രമോദി എടുത്ത ഒരു പ്രതിജ്ഞയുണ്ട്. കശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ അനുഛേദം 370 എടുത്തുകളയുമെന്നായിരുന്നു അത്. അതെ, ജനസംഘത്തിന്റെ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അഭിലാഷമായിരുന്നു അത്. മുഖര്‍ജിയുടെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള നിയോഗം ഉണ്ടായത് മോദിക്കാണ്. ഡോ. മുഖര്‍ജിയുടെ ബലിദാനത്തിന് 69 വര്‍ഷം പൂര്‍ത്തിയാവുന്ന ദിനത്തില്‍ തീര്‍ച്ചയായും സ്മരണകള്‍ ഏറെയുണ്ട്.
ഭാരത വിഭജനത്തിന്റെ നാള് മുതല്‍ ജമ്മു-കശ്മീരിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ആ നാട്ടുരാജ്യത്തെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ തകൃതിയായ ശ്രമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവും മറ്റും നടത്തിയിരുന്നു എന്നത് രഹസ്യമല്ല. എന്നാല്‍, അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും ആഭ്യന്തര സെക്രട്ടറി വി.പി. മേനോനും ചേര്‍ന്ന് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ഹരിസിങ് മഹാരാജാവ് തന്റെ നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചത്. അതിനായി പട്ടേല്‍ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വാല്‍ക്കറുടെ സഹായം തേടി. 1947ല്‍ മറ്റു നാട്ടുരാജ്യങ്ങള്‍ ലയിച്ചതിന് സമാനമായ വ്യവസ്ഥകളോടെയാണ് കശ്മീരും ഇന്ത്യയുടെ ഭാഗമായത്. എന്നാല്‍ അനുഛേദം 370ലൂടെ അവര്‍ക്ക് പ്രത്യേകാധികാരങ്ങള്‍ നല്കി. ഇന്ത്യക്കുള്ളില്‍ മറ്റൊരു രാജ്യമെന്ന സ്ഥിതിയുണ്ടാക്കി. ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പോലും കശ്മീരില്‍ അന്ന് അനുമതിയുണ്ടായിരുന്നില്ല. രാഷ്ട്രപതി, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നിവരും കശ്മീരില്‍ അന്യരായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നൊരാള്‍ക്ക് കശ്മീരില്‍ കടക്കണമെങ്കില്‍ പെര്‍മിറ്റ് വേണം. അതായത് മറ്റൊരു രാജ്യത്തേക്ക് പോകാന്‍ വിസ എടുക്കുന്നതിന് സമാനമായ അവസ്ഥ.
ഇതൊക്കെയാണ് ഡോ. മുഖര്‍ജിയെ വല്ലാതെ വിഷമിപ്പിച്ചത്. അദ്ദേഹം പ്രഖ്യാപിച്ചു, ‘ഒരു രാജ്യത്ത് രണ്ടു ഭരണഘടന, രണ്ട് രാഷ്ട്രപതി, രണ്ട് ദേശീയ പതാക…ഇത് അനുവദിക്കാനാവില്ല’. ഈ സ്ഥിതി മാറ്റുംവരെ, ജീവിതാന്ത്യം വരെപ്പോലും സമരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. അങ്ങനെയാണ് മുഖര്‍ജി ജമ്മു കശ്മീരിലേക്ക് സത്യഗ്രഹത്തിനായി പുറപ്പെടുന്നത്. ‘നിങ്ങള്‍ക്ക് ഞാന്‍ ഇന്ത്യന്‍ ഭരണഘടന ലഭ്യമാക്കും, അല്ലെങ്കില്‍ അത് നേടിയെടുക്കുന്നതിനായി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കും’ എന്നായിരുന്നു അന്ന് അദ്ദേഹം നല്കിയ സന്ദേശം. പെര്മിറ്റില്ലാത്തതുകൊണ്ട് അദ്ദേഹത്തെ തടയാന്‍ അവിടത്തെ സര്‍ക്കാരിന് കഴിയുമായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്നു അന്ന് മുഖര്‍ജി. 1953 മെയ് 11ന് പഠാന്‍കോട്ട് പാലത്തില്‍ വച്ച് കശ്മീര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ശ്രീനഗറില്‍ ആള്‍താമസമില്ലാത്ത ഒരു മേഖലയിലാണ് അദ്ദേഹത്തെ കശ്മീര്‍ പൊലീസ് കൊണ്ടുപോയി പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട ഒരു വീട്ടില്‍ വീട്ടുതടങ്കല്‍. ആ ജൂണ്‍ 23ന് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരണമടഞ്ഞു. മെയ് 11നും ജൂണ്‍ 23നുമിടയില്‍ എന്തുനടന്നു എന്നത് ഇനിയും ദുരൂഹം. സംശയങ്ങള്‍ ഏറെയുണ്ടാക്കിയ മരണമായിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ. ജനസംഘം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും കരുത്താര്‍ജ്ജിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് അതുണ്ടായത്.
അന്ന് ജനസംഘവും പിന്നീട് ബിജെപിയും പ്രഖ്യാപിച്ചതാണ്, അനുഛേദം 370 എടുത്തുകളയുമെന്ന്. അതിന് നരേന്ദ്രമോദി പ്രധാനമന്ത്രിയാവേണ്ടിവന്നു എന്നുമാത്രം. 2019 ആഗസ്റ്റ് അഞ്ച് ചരിത്ര മുഹൂര്‍ത്തമായത് അങ്ങനെയാണ്. അന്ന് ജമ്മു കശ്മീരും പൂര്‍ണ്ണമായി ഇന്ത്യയുടെ ഭാഗമായി, പ്രത്യേകാധികാരങ്ങള്‍ എടുത്തുകളഞ്ഞു. മാത്രമല്ല ലഡാക്കിനെയും ജമ്മു കശ്മീരിനെയും പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളായും മാറ്റി. ശ്യാമപ്രസാദ് മുഖര്‍ജി എന്തിനുവേണ്ടിയാണോ ജീവന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത് ആ ലക്ഷ്യം സാധ്യമായി. മാത്രമല്ല കശ്മീരിലെ ഹരി സിങ് മഹാരാജാവ് അടക്കമുള്ള അനവധി ദേശസ്നേഹികളുടെ കണ്ണീരിന് വില കല്പിക്കപ്പെടുകയും ചെയ്തു.
കശ്മീരില്‍ അതിനുശേഷം വന്നിട്ടുള്ള മാറ്റങ്ങള്‍ ആര്‍ക്കാണ് ബോധ്യമാവാത്തത്. അവിടെ ഇന്ന് ആര്‍ക്കും ഭൂമി വാങ്ങാം, അതുകൊണ്ടുതന്നെ പുതിയ വ്യവസായങ്ങള്‍ വരുന്നു. നിക്ഷേപിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തുന്നു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. മികച്ച പഠന-ആരോഗ്യ പരിപാലന സൗകര്യങ്ങളും ഇതിനിടയിലുണ്ടായി. ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. ഇന്നവിടെ സൈനികര്‍ക്ക് നേരെ കല്ലേറില്ല; പാക് പതാകകള്‍ ഉയരുന്നത് കാണാനാവുന്നില്ല. അതെ, ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നത്തിലുണ്ടായിരുന്ന കശ്മീര്‍ രാജ്യത്തിന് ലഭിച്ചു. അതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ വിലപ്പെട്ട സംഭാവനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: