Categories: Editorial

ചരിത്രപരമായ നിയോഗം

ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

കേന്ദ്രവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദീ മുര്‍മൂവിനെ പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് കുറെക്കാലമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി. എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നിരവധി പേരുകള്‍ മാധ്യമങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിന്റെ ദിവസം വരെ ഇത് തുടര്‍ന്നു. അതില്‍ ദ്രൗപദീ  മുര്‍മൂവും ഉണ്ടായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നില്ല. കഴിഞ്ഞ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ കാലത്തും ഇവരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. അവസാനം ഉത്തര്‍പ്രദേശില്‍നിന്നുള്ള ദളിത് സമുദായത്തില്‍പ്പെട്ട രാംനാഥ് കോവിന്ദിന് അവസരം ലഭിച്ചു. തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്തു. രാഷ്‌ട്രീയ നേതാവും എംഎല്‍എയും മന്ത്രിയും ഗവര്‍ണറുമൊക്കെയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ദ്രൗപദിക്ക് ജനപ്രതിനിധിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികമാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയുള്ള അവര്‍  തെരഞ്ഞെടുക്കപ്പെട്ടാല്‍, പ്രതിഭാ പാട്ടീലിനുശേഷം രാഷ്‌ട്രപതി സ്ഥാനാത്തെത്തുന്ന ആദ്യ  വനിതയെന്ന ബഹുമതിയും കരസ്ഥമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെക്കുറിച്ച് പറഞ്ഞത് ഏറെ അര്‍ത്ഥപൂര്‍ണമാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് , പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവര്‍ക്ക്, ദ്രൗപദിയുടെ ജീവിതത്തില്‍നിന്ന് കരുത്താര്‍ജിക്കാന്‍ കഴിയുമെന്നും അവര്‍ മികച്ച രാഷ്‌ട്രപതിയാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദ്രൗപദിയുടെ സ്ഥാനാ

ര്‍ത്ഥിത്വത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഗോത്ര ജനതയുടെ പ്രതിനിധിയാണവര്‍. ഒഡിഷയില്‍നിന്നുള്ള ദ്രൗപദി ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗണ്യമായ തോതിലുള്ള വനവാസി വിഭാഗമായ സാന്താള്‍ ഗോത്രക്കാരിയാണ്. ദളിത് വിഭാഗത്തില്‍നിന്നും വനിതകളില്‍നിന്നുമൊക്കെ നമുക്ക് രാഷ്‌ട്രപതിമാരുണ്ടായപ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ പരമോന്നത പദവിയിലേക്ക് വന്നില്ല എന്നത് ഒരു കുറവു തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഈ കുറവ് നികത്തുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതീയര്‍ക്ക് മുഴുവന്‍ അതില്‍ അഭിമാനിക്കാം. കാലം മാറുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന് പുതിയ കാലത്തിന്റെ സന്ദേശവുമായി ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നത് സ്വാഭാവികം.

കക്ഷി രാഷ്‌ട്രീയ പരിഗണനയോടെയല്ല ദ്രൗപദീ മുര്‍മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡിഎ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തിയിരുന്നു. ആരുടെയെങ്കിലും പേരുകള്‍ മുന്നോട്ടു വയ്‌ക്കാനുണ്ടോയെന്ന് ആരായുകയും ചെയ്തു. എന്നാല്‍ ഇതിന് പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ല. ഇതിനിടെ ശരത് പവാര്‍, ഫറൂഖ് അബ്ദുള്ള, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിങ്ങനെയുള്ള പേരുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും പല കാരണങ്ങളാല്‍ ഇവരൊക്കെ  പിന്മാറുകയായിരുന്നു. ഒടുവില്‍ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ സിന്‍ഹയുടേത് മത്സരത്തിനുവേണ്ടിയുള്ള മത്സരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുപോലും അറിയാം. അതേസമയം എന്‍ഡിഎക്കു പുറത്തുനിന്നും ദ്രൗപദിക്ക് പിന്തുണ ലഭിക്കുമെന്നുറപ്പാണ്. സ്വന്തം സംസ്ഥാനത്തുനിന്നുള്ളയാളെ പിന്തുണയ്‌ക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന്  ആദ്യമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളെന്ന നിലയ്‌ക്ക് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന്  അപ്രതീക്ഷിത വോട്ടുകള്‍ ലഭിച്ചേക്കും. ഇപ്പോഴത്തെ നിലയ്‌ക്ക് വലിയ ഭൂരിപക്ഷത്തോടെ ദ്രൗപദി തെരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയം വേണ്ട.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക