കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. അഞ്ചുലക്ഷം രൂപ കെട്ടിവെയ്ക്കുന്നത് ഉള്‍പ്പടെ കര്‍ശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയേയോ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.
മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് നടിക്കെന്നും. ഉഭയകക്ഷി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ്ബാബുവിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി.
നേരത്തേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി തള്ളിയത്.
അതേസമയം വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടിവന്നുവെന്നുമാണ് നടി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും കോടതി പരിശോധിച്ചിരുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നേരത്തെ തീര്‍പ്പാക്കിയിരുന്നു. കേസിന് പിറകെ ദുബൈയിലേക്ക് കടന്ന വിജയ് ബാബു കോടതി നിര്‍ദ്ദേശപ്രകാരമാണ് തിരിച്ചെത്തി ചോദ്യം ചെയ്യലിന് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: