ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ശര്‍മ്മ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് അസമില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയാരോപണം ഉന്നയിച്ചതിനാണ് സിസോദിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റിനികി ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മറ്റ് കോവിഡ് 19 അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയെന്ന് ആരോപിച്ച് ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം ആരംഭിച്ചത്. എന്നാല്‍, മാനുഷിക പരിഗണന എന്ന നിലയില്‍ ഒരു പൈസ പോലും ഈടാക്കാതെ സൗജന്യമായി പിപിഇ കിറ്റുകള്‍ വിതരണം ചെയ്തുവെന്ന് റിനികി ശര്‍മ്മ രേഖകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ അസം മുഖ്യമന്ത്രി ശര്‍മ്മയെയും ഭാര്യയെയും സിസോദിയ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തുടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് റിനികി ശര്‍മ്മ ഫയല്‍ ചെയ്തത്. അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മാനനഷ്ടക്കേസ് നേരിടുന്ന ആദ്യത്തെ മുതിര്‍ന്ന എഎപി നേതാവല്ല മനീഷ് സിസോദിയ. ബിജെപി നേതാക്കളായ അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗഡ്കരിയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് മുമ്പ് മാപ്പ് പറയേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: