കോഴിക്കോട്: ശ്രീബുദ്ധനേയും വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും സൃഷ്ടിക്കാന്‍ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. മനുഷ്യത്വത്തിന്റെ ഈശ്വരസാക്ഷാത്കാരങ്ങളാണ് ഇത്തരം വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു. കേസരി ഭവന് ക്യാമ്പസില്‍ നടന്ന ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. കേസരി വാരിക ഓഫീസ് അങ്കണത്തിലെ നാട്ടുമാഞ്ചുവട്ടില്‍ ധ്യാനനിരതനായ ശ്രീബുദ്ധന്റെ പ്രതിമയും അനുബന്ധ വിഷയത്തില്‍ ചുവര് ശില്‍പ്പവും കിളികള്‍ക്ക് കുടിനീര്ക്കുടവും ചേര്‍ന്നതാണ് ‘സ്നേഹബോധി’. ശില്പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നിര്‍വ്വഹിച്ചു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എക്കാലത്തും പ്രസക്തമായ ദര്‍ശനത്തെ നമുക്ക് നല്കിയ മഹാത്മാവാണ് ശ്രീബുദ്ധനെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു. സനാതനധര്‍മ്മവും ബുദ്ധദര്ശനവുമൊക്കെ സത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു എന്നാണ് പഠിപ്പിക്കുന്നത്. മനുഷ്യനെ സമത്വാവസ്ഥയിലേക്കുയര്ത്തുന്നതിലൂടെ മാത്രമേ ദുഃഖങ്ങള്‍ മാറുകയുള്ളു എന്നാണ് ബുദ്ധന് പഠിപ്പിക്കുന്നത്. യോഗാഗ്നിയിലൂടെ വേണം സമത്വം കൈവരിക്കാന്‍. തെറ്റായ സകല കാര്യങ്ങളെയും ഇല്ലാതാക്കി ചിത്തത്തെ കൂടുതല്‍ പ്രകാശമാനമാക്കണം. ചിത്തശുദ്ധിക്കുള്ള മാര്‍ഗം ത്രിപിടകങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. ഭാരതീയ ദര്‍ശനത്തെ ബുദ്ധദര്‍ശനം നശിപ്പിച്ചു എന്നൊക്കെയുള്ള പ്രചാരണം തെറ്റാണ്. നിലവിലുള്ള ഭാരതീയ ദര്‍ശനത്തെ ബൗദ്ധദര്‍ശനം കൂടുതല്‍ ശരിയിലേക്ക് നയിക്കുകയാണുണ്ടായത്. ഭാരതീയ ദര്‍ശനങ്ങള്‍ ഒരിക്കലും ശരിയില്‍ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചിട്ടില്ല. ശ്രീബുദ്ധനെ പോലുള്ള മഹാത്മാക്കളെ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഗവേഷണപഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.
ആര്‍ട്ടിസ്റ്റ് മദനന്, ശില്പി സുനില്‍ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: