സിപിഎമ്മിന്റെ ഏറ്റവും ശക്തിയുള്ള രണ്ട് ജില്ലാകമ്മിറ്റികളെ കുറിച്ചാണ് ഏറെ കൊട്ടിപ്പാടിക്കൊണ്ടിരുന്നത്. ഒന്ന് പശ്ചിമബംഗാളിലെ മിഡ്നാപൂര്‍. രണ്ടാമത്തേത് കേരളത്തിലെ കണ്ണൂര്‍. മിഡ്നാപൂര്‍ ഇപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന മട്ടിലായി. ഇനി ശേഷിക്കുന്നതാണ് കണ്ണൂര്‍. സഹകരണ സംഘങ്ങളും പഞ്ചായത്തും മറ്റ് വ്യാപാര വ്യവസായ സ്ഥാപനങ്ങളുമെല്ലാം പാര്‍ട്ടി സ്വാധീനമേഖലയില്‍ നിലകൊള്ളുന്ന പ്രദേശം. പാര്‍ട്ടിഗ്രാമങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് അട്ടിമറിക്ക് ഒരു സാധ്യതയുമില്ലെന്ന് പാര്‍ട്ടി പ്രതിയോഗികള്‍ കണക്ക് കൂട്ടുന്നതിനിടയിലാണ് പാര്‍ട്ടിയിലെ പിണക്കം അണപൊട്ടി ഒഴുകുന്നത്. അതങ്ങനെ പൊട്ടി ഒലിച്ച് കെട്ടുനാറി നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏറ്റവും ഒടുവില്‍ രക്തസാക്ഷി സി.വി. ധനരാജ് കുടുംബ സഹായ ഫണ്ട് തട്ടിപ്പ് വിവാദം അവസാനിക്കുന്നില്ല. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കരിവെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡിയിലാണ് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചത്. കണക്ക് പുതുതായി തയ്യാറാക്കി ബ്രാഞ്ചുകളില്‍ അവതരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇത്തരത്തില്‍ പുറത്തുവിടുന്നത് യഥാര്‍ത്ഥ കണക്കല്ലെങ്കില്‍ ഫണ്ട് തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് പരാതി ഉന്നയിച്ച മറുവിഭാഗം.
മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം നഷ്ടമായി എന്ന് തെളിവ് സഹിതമുള്ള പരാതി ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചത് ഏരിയ നേതൃത്വമാണ്. കെട്ടിട നിര്‍മ്മാണ ഫണ്ടിലേയും തെരഞ്ഞെടുപ്പ് ഫണ്ടിലേയും ക്രമക്കേട് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണവും നടന്നു. കോടിയേരിയുടെ സാന്നിധ്യത്തില്‍ മൂന്ന് തവണ ജില്ലാ നേതൃയോഗം ചേര്‍ന്നെങ്കിലും എംഎല്‍എ ആരോപണവിധേയനായി നില്ക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നടപടിയിലേക്ക് നീങ്ങാന്‍ പാര്‍ട്ടി തയ്യാറായില്ല. വിഷയം ഒതുക്കി തീര്‍ക്കാന്‍ ജില്ലയില്‍ നിന്നുള്ള ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളും സജീവമായി ഇറങ്ങി.
എന്നാല്‍ പയ്യന്നൂരില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വി. നാരായണനും മുന്‍ എംഎല്‍എ സി. കൃഷ്ണനും യുവ നേതാവ് അഡ്വക്കേറ്റ് പി.സന്തോഷും കര്‍ശന നിലപാടെടുത്തു. ഇതോടെയാണ് പേരിനെങ്കിലും നടപടി വേണമെന്ന സ്ഥിതി വന്നത്. മറുഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ക്രമക്കേട് പുറത്തു കൊണ്ടുവന്ന ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ മാറ്റിക്കൊണ്ടുള്ള ഫോര്‍മുല പ്രശ്നം കൂടുതല്‍ വഷളാക്കി.
കുഞ്ഞികൃഷ്ണന് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയും അണികള്‍ പരസ്യമായി ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ പാര്‍ട്ടിയെ കുഴയ്ക്കുന്നത്. എംഎഎല്‍എയ്ക്കെതിരെ പയ്യന്നൂരിലെ മൂന്ന് ജില്ലാകമ്മിറ്റി അംഗങ്ങള്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് മധുസൂദനനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടി കുറഞ്ഞു എന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലെ അണികളെ തൃപ്തിപ്പെടുത്താന്‍ ഇനി എന്ത് ചെയ്യാനാകും എന്നാണ് ഈ ഘട്ടത്തില്‍ സംസ്ഥാന നേതൃത്വം തലപുകയ്ക്കുന്നത്. ഒടുവില്‍ മനമില്ലാ മനസോടെ ടി.ഐ.മധുസൂദനന് എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും ശ്രദ്ധേയമാണ്. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നല്കി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയാണ് നടപടി.
സ്ഥാനാര്‍ഥി എന്ന നിലിയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്താലാണ് മധുസൂദനന് എംഎല്‍എക്കെതിരെ നടപടി എടുത്തത്.
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്കിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരില്‍ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.
നാലുവര്‍ഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ടുനേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിന്‍വലിക്കുകയുംചെയ്തു. ആ തുക പാര്‍ട്ടി നല്കാമെന്നേറ്റു.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിര്‍മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരില്‍ നിന്ന് 15,000 രൂപവീതം. അതില്‍ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനല്കിയതും പിടിക്കപ്പെട്ടു. നിലവില്‍ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുന്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ടായിരുന്നു. ഈ ശീതസമരം കൊടുങ്കാറ്റോ പൊട്ടിത്തെറിയോ ആകാനും മതി. പിണങ്ങി നില്ക്കുന്ന മുന്‍ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ പി.ജയരാജന് നടത്തിയ ശ്രമവും ഫലിക്കാത്ത സാഹചര്യം ചെറുതല്ല. മിഡ്നാപൂരിനെപ്പോലെ കണ്ണൂരിലും സംഭവിക്കാതിരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സഖാക്കള്‍. അധികാരം കിട്ടുമ്പോഴൊക്കെ അഹന്തയും അഹങ്കാരവും അടിമുടി മൂടുന്ന പാര്‍ട്ടിക്ക് എന്തും സംഭവിക്കാം. അതിന്റെ അനന്തരഫലം ഭീകരമായാലും അത്ഭുതപ്പെടാനില്ല. പി.ജയരാജനെ കണ്ടശേഷം കുഞ്ഞികൃഷ്ണന് കമ എന്നൊരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നും ഉണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: