തുറവൂര്‍ (ആലപ്പുഴ): ശബരിമല അയ്യപ്പസ്വാമിയുടെ പ്രശസ്തമായ ഉറക്കുപാട്ട് ഹരിവരാസനം രചിച്ച കോനകത്തു ജാനകിയമ്മയുടെ മകള്‍ കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പുത്തേഴത്ത് നവനീതത്തില്‍ ബാലാമണിയമ്മ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലാമണിയമ്മ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം നടത്തി.
മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ഐഎസ്ആര്‍ഒ മുന്‍ മേധാവി പദ്മവിഭൂഷണ് ജി. മാധവന് നായര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരിയായിട്ടുള്ള ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ കാര്യദര്‍ശി കൂടിയായിരുന്നു ബാലാമണിയമ്മ. അടുത്ത വര്‍ഷം ഹരിവരാസനത്തിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12ന് പുത്തേഴത്ത് വീട്ടില്‍ മകന് ശ്രീകുമാര്‍, പേരക്കുട്ടികളായ അഖില്‍ ചന്ദ്രന്, ആനന്ദ്, മോഹന്‍കുമാര്‍ എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ഭര്‍ത്താവ് പരേതനായ സുകുമാര പണിക്കര്‍, മക്കള്‍: ഗായത്രി, ശ്രീകുമാര്‍, ഗോപകുമാര്‍, പരേതനായ ഹരികുമാര്‍. മരുമക്കള്‍: രാമചന്ദ്രന് (റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന്), രതി, ധന്യ, റിനി.
കുമ്മനം രാജശേഖരന്, അയ്യപ്പസേവാസമാജം അഖിലേന്ത്യാ സെക്രട്ടറി ഈറോഡ് രാജന്, ക്ഷേത്രീയ ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, ദേശിയ വൈസ് പ്രസിഡന്റ് എസ്ജെആര്‍ കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, സംസ്ഥാന സെക്രട്ടറി അമ്പോറ്റി കൊഴഞ്ചേരി, ജില്ലാ രക്ഷാധികാരി ബി. ശശീന്ദ്രന് നായര്‍, സംസ്ഥാന സമിതി അംഗം സി.എം. പീതംബരന്‍, ജില്ലാ പ്രസിഡന്റ് പി.ബി. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ബാലാജി, ജില്ലാ ട്രഷറര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: