മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഏക്നാഥ് ഷിന്‍ഡെക്കൊപ്പം. പാര്‍ട്ടിയില്‍ ഉദ്ദവ് താക്കറെക്കുള്ള നിയന്ത്രണം നഷ്ടമായി. ശിവസേനയ്ക്ക് ആകെയുള്ള 56 എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് എംഎല്‍എമാര്‍ ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിവസേനയ്ക്കും മഹാ വികാസ് അഘാഡി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തി ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലില്‍ തങ്ങുകയാണ്.
താനെയില്‍ ശിവസേനയുടെ മുഖമാണ് മുതിര്‍ന്ന നേതാവായ ഏക്നാഥ് ഷിന്‍ഡെ. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസന മന്ത്രി കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെയ്ക്ക് പരാതിയുണ്ട്. ഉദ്ദവിന്റെ മകനായ ആദിത്യ താക്കറെയാണ് പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടിആലോചനകള്‍ ഉണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയോട് വിലപേശിയിരുന്നു. എന്നാല്‍, ബിജെപി ഇതിന് വഴങ്ങാത്തതോടെ മുന്നണി വിടുകയും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: