ബെംഗളൂരു: സര്‍ക്കാര്‍ നടപ്പാക്കുന്ന ചില പരിഷ്കാരങ്ങളും തീരുമാനങ്ങളും അസുഖകരമെന്നു തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ രാജ്യത്തിനു ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
പരിഷ്കാരങ്ങളുടെ പാതകള്‍ മാത്രമേ നമ്മെ പുതിയ ലക്ഷ്യങ്ങളിലേക്ക് നയിക്കൂ. സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന ബഹിരാകാശ, പ്രതിരോധ മേഖലകള്‍ നാം തുറന്നു കൊടുത്തു. സര്‍ക്കാര്‍ സൗകര്യങ്ങളൊരുക്കി നല്‍കുകയും പൗരന്മാരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്താല്‍ ഇന്ത്യയിലെ യുവത്വത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ബെംഗളൂരു നമുക്കു കാട്ടിത്തന്നിട്ടുണ്ട്.
ഇന്ത്യന്‍ യുവാക്കളുടെ സ്വപ്നത്തിന്റെ, അവരുടെ സംരംഭകത്വത്തിന്റെ, പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള അവരുടെ കഴിവിന്റെ കേന്ദ്രമാണ് ബെംഗളൂരു. സ്വകാര്യ, പൊതുമേഖലകളുടെ കൃത്യമായ ഉപയോഗമാണ് ഇതിനു കാരണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: