കൊല്ലം: ക്ഷേത്രങ്ങളില്‍ മോഷണം വര്‍ധിക്കുമ്പോഴും അന്വേഷണം പരിശോധനയില്‍ ഒതുങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചാത്തന്നൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ നാലോളം ക്ഷേത്രങ്ങളില്‍ മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
മോഷണം നടന്ന കോതേരി ധര്‍മശാസ്താ ക്ഷേത്രത്തിലും ഉളിയനാട് തേമ്പ്ര ഭാഗവതി ക്ഷേത്രത്തിലും പോലിസ് എത്തി അന്വേഷണം നടത്തി മടങ്ങിയതല്ലാതെ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിനു ദിവസങ്ങള്‍ക്കു ശേഷം കോയിപ്പാട് രണ്ടാലും മുക്ക് ഹനുമാന് ക്ഷേത്രത്തില്‍ മോഷണം നടന്നു. ഇവിടെയും പോലിസ് പതിവ് കലാപരിപാടി തുടര്‍ന്നു.
കഴിഞ്ഞ ദിവസമാണ് മീനാട് പാലമുക്കിന് സമീപമുള്ള ദേവി ക്ഷേത്രത്തില്‍ ഒരു ലക്ഷം രൂപയോളം വരുന്ന ചെമ്പ് വിളക്ക് മോഷണം പോയത്. ഒന്നിലധികം ആള്ക്കാര് ഇല്ലാതെ വലിയ വിളക്ക് ഇളക്കി മാറ്റാന്‍ കഴിയില്ല. പോലിസ് എത്തിയെങ്കിലും വിരലടയാള വിദഗ്ധരെയോ മറ്റ് വിഭാഗങ്ങളെയോ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.
ക്ഷേത്രങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ മോഷണങ്ങള്‍ എല്ലാം നിസാരവത്കരിച്ചു കൊണ്ട് എല്ലാ അന്വേഷണവും പ്രഹസനമാക്കി മാറ്റുകയാണ് പോലിസ് ചെയ്യുന്നതെന്ന് ഭക്തരും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു. ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് ഭക്തരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: