കൂത്തുപറമ്പ്(കണ്ണൂര്‍): ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ആധാരം നിരുപാധിക സ്‌നേഹമാണെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന വിശാല കാഴ്ചപ്പാടാണ് സംഘത്തിന്റേത്. കൂത്തുപറമ്പ് ആര്‍എസ്എസ് ഖണ്ഡ് കാര്യാലയമായ പഴശ്ശി വിഹാര്‍ ഗൃഹപ്രവേശച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസത്തിന്റെ അടിത്തറ സംഘര്‍ഷമാണ്. സംഘര്‍ഷത്തിന്റെ അടിസ്ഥാനം വെറുപ്പും വിദ്വേഷവുമാണ്, കമ്മ്യൂണിസം മുന്നോട്ടുവയ്‌ക്കുന്ന വര്‍ഗ്ഗസംഘര്‍ഷത്തിന്, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിരന്തര ഏറ്റുമുട്ടലുണ്ടാകണം. അതിന് വെറുപ്പ് തീവ്രമായി നിലനില്‍ക്കണം. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല, സഹസര്‍കാര്യവാഹ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സമൂഹമധ്യത്തിലാണ്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകരുന്ന, സുതാര്യമായ പ്രവര്‍ത്തനമാണത്. ശാഖകള്‍ നടക്കുന്നത് തുറന്ന മൈതാനത്താണ്. വ്യക്തികളെ സമ്പര്‍ക്കം ചെയ്തതാണ് പ്രവര്‍ത്തനം. അത് സുദീര്‍ഘ തപസ്സാണ്. ഓരോ പ്രദേശവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച്, പരിഹരിച്ചാണ് സംഘം മുന്നോട്ട് പോകുന്നത്. സംഘപ്രവര്‍ത്തകര്‍ ഹിംസാവാദികളാണെന്ന് മുദ്രകുത്തുന്നവരുണ്ട്. അത്തരം ആക്ഷേപങ്ങളെ നാം മറികടന്നു. സംഘപ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ ഗുണം നേരിട്ട് കാണാനാവും. കേരളത്തിലും സുസംഘടിതരായി മുന്നോട്ട് പോകാനാവും, അദ്ദേഹം പറഞ്ഞു.
ഖണ്ഡ് സംഘചാലക് എം. അശോകന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. ഷിജു സ്വാഗതവും സി. രാരിഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: