കോഴിക്കോട്: വാഹനത്തിന് ഹൈഡ്രജന്‍ ഇന്ധനമാകുന്നു, അതും ഗുജറാത്തില്‍ ആദ്യം. ഗതാഗത മേഖലയിലും ഇന്ധന ഉപയോഗത്തിലും വലിയ വിപ്ലവമാകുന്ന പദ്ധതിയുടെ ഹൈഡ്രജന്‍ ഫില്ലിങ് സ്റ്റേഷന് പ്രവര്‍ത്തനത്തിന് കേന്ദ്ര പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) അനുമതി നല്കി.
ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സ്ഥാപിച്ച ഹൈഡ്രജന്‍ റീഫില്ലിങ് സ്റ്റേഷന് പെസോയുടെ ജോയിന്റ് ചീഫ് കണ്‍ട്രോളറായ മലയാളി ഡോ. ആര്. വേണുഗോപാല്‍ അനുമതിരേഖ ഗുജറാത്ത് റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഭട്നാഗര്ക്ക് കൈമാറി. മൂന്നുമാസമായി ഇവിടെ പരീക്ഷണം നടക്കുകയായിരുന്നു.
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ റീഫില്ലിങ് യൂണിറ്റാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിതരണ മേഖലയില്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ സൂക്ഷ്മതയും സുരക്ഷയും പദ്ധതി പൂര്‍ത്തീകരണ വേഗവും കണക്കിലെടുത്താണ് ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണനയും പരിഗണനയും ലഭിക്കുന്നത്. ഗുജറാത്തിനൊപ്പം അനുവദിച്ച് പണി തുടങ്ങിയ പല പെട്രോളിയം അനുബന്ധ ഉല്‍പ്പാദന പദ്ധതികളും കേരളത്തില്‍ ഇനിയും പൂര്‍ത്തിയാകുകയോ പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുകയോ ചെയ്തിട്ടില്ല. ഇന്ധന ഉപയോഗ മേഖലയില്‍ ഏറ്റവും പരാശ്രയത്വമുള്ള കേരളത്തില്‍ ആരംഭിക്കാവുന്ന ഹൈഡ്രജന്‍ ഇന്ധന പദ്ധതിക്ക് സംസ്ഥാനത്തിന്റെ നിലപാടുകള്‍കൊണ്ട് ഏറെ കാത്തിരിക്കേണ്ടിവരും.
മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ഹൈഡ്രജന്‍ ഇന്ധന ഉപയോഗം വന്വിപ്ലവമാകും. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ റീഫില്‍ കേന്ദ്രത്തില്‍നിന്ന് എട്ടു മണിക്കൂര്‍കൊണ്ട് 25 ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയും. ഒരു ബസ്സിന് 20 കിലോ ഹൈഡ്രജന്‍ നല്‍കും. 350 ബാര്‍ മര്ദ്ദത്തിലായിരിക്കും ഹൈഡ്രജന്‍. ഹൈ പ്രഷര്‍ കംപ്രസര്‍ സിസ്റ്റം, ഹൈ പ്രഷര്‍ സിലിണ്ടര്‍ സ്റ്റോറേജ്, ഡിസ്പന്‍സര്‍ വിത്ത് ചില്ലേഴ്സ് തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയതാണ് റീഫില്‍ യൂണിറ്റുകള്‍. ഏതെങ്കിലും തരത്തില്‍ ചോര്‍ച്ചയോ അഗ്നിബാധയോ ഉണ്ടായാല്‍ സംവിധാനം സ്വയം പ്രവര്‍ത്തനം നിര്‍ത്തും. ഇവയുടെ പരിശോധനയും പരീക്ഷണ പ്രവര്‍ത്തനവും മൂന്നുമാസമായി നിരീക്ഷിച്ച് കുറ്റമറ്റ സംവിധാനമെന്ന് ഉറപ്പുവരുത്തിയാണ് അനുമതി നല്‍കിയതെന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: