- നിയമനങ്ങള്‍ അഗ്നിപഥ് വഴി മാത്രമോ?
സൈന്യത്തിലേക്കുള്ള നിയമനം ഇനിമുതല്‍ അഗ്നിപഥ് വഴി മാത്രമായിരിക്കും. എന്നാല്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതിക്ക് മാറ്റമുണ്ടാകില്ല. മുന്‍ വര്‍ഷങ്ങളില്‍ എപ്രകാരമാണോ അതേ രീതിയില്‍ത്തന്നെയാകും അഗ്നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ഇതില്ലാതാകും എന്നത് തെറ്റായ പ്രചാരണമാണ്. റാലിയുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. അഗ്നിപഥ് തുല്യത നല്കുന്നു. പ്രദേശം, ജാതി മുതലായ മുന്‍ഗണന ലഭിക്കില്ല. രാജ്യത്ത് എല്ലാ ഭാഗത്തുനിന്നും ജനസംഖ്യ അടിസ്ഥാനത്തില്‍ റിക്രൂട്ടിങ് നടക്കും. ഒരു പ്രദേശത്തിനും കൂടുതല്‍ പരിഗണന ലഭിക്കില്ല.
- സൈന്യത്തിനു പരിഷ്‌ക്കരണം വേണ്ടതല്ലെ?
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോള്‍ യുദ്ധം ചെയ്യുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ടെക്‌നോളജി, യുദ്ധ സാമഗ്രികള്‍ എല്ലാത്തിലും മാറ്റമുണ്ടായി. എന്നാല്‍, സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പു രീതിക്കു മാത്രം മാറ്റമുണ്ടായിട്ടില്ല.
ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് രീതികളാണ് ഇപ്പോഴും തുടരുന്നത്. ഇതിനു നിരവധി പ്രശ്‌നങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലെ സൈന്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സൈനികരുടെ പ്രായപരിധി കൂടുതലാണ്. ഇത് കുറയ്‌ക്കണം. അതിര്‍ത്തികളിലും മറ്റും യുവാക്കളെയാണ് ആവശ്യം. അഗ്നിപഥിലൂടെ സൈന്യത്തിന് കൂടുതല്‍ ചെറുപ്പം വരും.
അഗ്നിപഥ് വഴി എത്തുന്നവരില്‍ മികവു പുലര്‍ത്തുന്ന 25ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ നിയമനം ലഭിക്കുക. ഇത് സൈന്യത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. നിലവില്‍ ഒരിക്കല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചാല്‍ മികവു പുലര്‍ത്തിയില്ലെങ്കില്‍ പോലും 15വര്‍ഷം വരെ തുടരുന്നു. ഇതിന് മാറ്റമുണ്ടാകും.
പ്രതിരോധവകുപ്പ് ബജറ്റില്‍ 52 ശതമാനത്തോളം പെന്‍ഷനും ശമ്പളവും നല്‍കാന്‍ ഉപയോഗിക്കുന്നു. അതിനാല്‍ സൈന്യത്തിന് ആവശ്യമുള്ള യുദ്ധസാമഗ്രികള്‍ വാങ്ങാന്‍ സാധിക്കുന്നില്ല. അഗ്നിപഥ് പദ്ധതിയിലൂടെ പെന്‍ഷന്‍, ശമ്പളം ഇനത്തില്‍ ചെലവാകുന്ന തുക കുറച്ച് സൈന്യത്തിന്റെ നവീകരണത്തിന് കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധിക്കും. പല രാജ്യങ്ങളിലും സമാന പദ്ധതികള്‍ നടപ്പാക്കി വിജയിച്ചിട്ടുണ്ട്.
- യുവാക്കളുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടോ?
യുവാക്കളെ സംബന്ധിച്ചിടത്തോളം നല്ല അവസരമാണ്. പതിനേഴര വയസില്‍ സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്ന ഒരാള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ പാസായതാണെങ്കില്‍ നാലുവര്‍ഷം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. നാലുവര്‍ഷം പ്രതിമാസം ഏകദേശം 30000 രൂപ വീതവും നാലുവര്‍ഷത്തിനു ശേഷം 12 ലക്ഷം രൂപയും ലഭിക്കുന്നു. ഇതിനു ശേഷം വിവിധ സായുധസേനകളിലും പോലീസിലും മറ്റു സര്‍ക്കാര്‍ സര്‍വീസുകളിലേക്കും നിയമനത്തിന് പത്തുശതമാനം
വരെ സംവരണം ലഭിക്കുന്നു. ഉപരിപഠനം, ബിസിനസ് എന്നീ മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ 12 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുന്നു. നാലുവര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തിറങ്ങുന്നവര്‍ക്കായി നിരവധി അവസരങ്ങള്‍ കാത്തിരിക്കുന്നു.
- ഹ്രസ്വകാല പരിശീലനം അര്‍പ്പണ ബോധം ഉണ്ടാകുമോ?
ആറുമാസത്തെ പരിശീലനം ധാരാളമാണ്. ബേസിക് പ്രവര്‍ത്തനങ്ങളാകും ഇവര്‍ സൈന്യത്തില്‍ നടത്തുക. പരിശീലനത്തിന് ശേഷം ഏതു ബറ്റാലിയനിലേക്ക് നിയമിച്ചാലും അവിടെ പരിശീലനം തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ ആറുമാസം കൊണ്ട് പരിശീലനം തീരുകയല്ല.
ഒരു ജോലി എന്ന രീതിയിലാണ് പലരും സൈന്യത്തില്‍ ചേരുന്നതെങ്കിലും പരിശീലനത്തിലൂടെ അവരില്‍ രാജ്യസ്‌നേഹവും സേവന മനസ്ഥിതിയും അച്ചടക്കവും വര്‍ധിക്കുന്നു. ഇതിന് നാലുവര്‍ഷമായാലും മാറ്റമുണ്ടാകില്ല.
അച്ചടക്കത്തില്‍ സൈന്യം വളരെ മുന്നിലാണ്. അതിനാല്‍ നാലുവര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം പുറത്തുവരുന്നവര്‍ രാജ്യത്തിന് എതിരാകും എന്നത് തെറ്റായ പ്രചാരണമാണ്. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവരാണോ, അതോ ജോലിയില്ലാതെ നടക്കുന്നവരും ലഹരിക്ക് അടിമകളാകുന്നവരുമാണോ രാജ്യത്തിന് ഭീഷണിയാകുന്നതെന്ന് ചിന്തിക്കണം.
വഴിതെറ്റിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള പ്രായത്തിലാണ് സൈന്യത്തിന്റെ പരിശീലനം ലഭിക്കുന്നത്. അത് കുറഞ്ഞ കാലയളവാണെങ്കില്‍ പോലും ഒരാളെ രാജ്യസ്‌നേഹമുള്ള, അച്ചടക്കമുള്ള വ്യക്തിയാക്കി മാറ്റാന്‍ സാധിക്കും.
സൈന്യത്തില്‍ നിന്ന് വിരമിച്ചവരോ അച്ചടക്കനടപടി എടുത്ത് പുറത്താക്കിയവര്‍ പോലുമോ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയോ രാജ്യത്തിന് എതിരായി തോക്ക് എടുക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ നാലുവര്‍ഷത്തിനു ശേഷം ഇറങ്ങുന്നവര്‍ രാജ്യത്തിന് എതിരാകും എന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയാണ്.
- റാങ്ക് ലഭിക്കില്ല, തുടങ്ങിയ ആശങ്കകള്‍?
ഒരു പദ്ധതി പ്രഖ്യാപിച്ചതല്ലെയയുള്ളൂ. അത് നടപ്പിലാക്കുമ്പോഴാണ് കുറവുകളും മറ്റും പരിശോധിക്കപ്പെടുന്നത്. കാലാവധി, പ്രായപരിധി തുടങ്ങിയ കാര്യങ്ങളില്‍ പിന്നീട് മാറ്റമുണ്ടാകാം. പദ്ധതി നടപ്പിലാക്കിയ ശേഷമല്ലേ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരിക്കാന്‍ സാധിക്കൂ. യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്കാന്‍ ഈ പദ്ധതികൊണ്ട് സാധിക്കും.
- പ്രതിഷേധം ആസൂത്രിതമാണോ?
അങ്ങിനെ കരുതേണ്ടിവരും. കായിക, ആരോഗ്യ പരീക്ഷകള്‍ പൂര്‍ത്തിയാക്കി എഴുത്തുപരീക്ഷക്കായി കാത്തിരിക്കുന്നവരുടെ ആശങ്ക മനസ്സിലാക്കാന്‍ സാധിക്കും. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇതിന് അക്രമപാതയല്ല സ്വീകരിക്കേണ്ടത്. രാജ്യത്തിന്റെ മുതല്‍ നശിപ്പിക്കുന്നവരെ സൈന്യത്തിലേക്ക് ആവശ്യമില്ല.
പദ്ധതിപ്രഖ്യാപനത്തിനു ശേഷം നിരവധി ഇളവുകള്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങള്‍ നിയമനങ്ങളില്‍ മുന്‍ഗണന പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതിയില്‍ തെരഞ്ഞെടുക്കുന്നവരില്‍ 65 ശതമാനത്തോളം പേര്‍ക്ക് തുടര്‍ നിയമനങ്ങള്‍ ഉറപ്പാണ്. എന്നിട്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് സംശയിക്കേണ്ടിവരും.
- പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുണ്ടോ?
പദ്ധതിയെ കുറിച്ച് കൃത്യമായി പഠിക്കാതെയാണ് പലരും പ്രതികരിക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠിച്ച് പ്രതികരിക്കണം. രാജ്യ താല്‍പ്പര്യത്തിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണം.
താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി. മറ്റു പല രാജ്യങ്ങളിലും സൈനിക സേവനം നിര്‍ബന്ധിതമാണ്. ഇത്തരക്കാര്‍ക്ക് യാതൊരു സാമ്പത്തിക നേട്ടവുമുണ്ടാകില്ല. ഭാരതത്തില്‍ പല പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തോതില്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നാംകടന്നു പോകുന്നത്. ഇതിനു വേണ്ടി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയത്ത് യുവാക്കള്‍ക്കായി ഇത്ര നല്ല പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതിനെ മെച്ചപ്പെട്ട അവസരമായിക്കണ്ട് എല്ലാവരും സ്വീകരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: