ന്യൂദല്‍ഹി : പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതിയും സാംസ്കാരിക മതിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമര്‍പ്പിച്ചു. പദ്ധതിയിലൂടെ പതിറ്റാണ്ടുകളായി ഒരേ മുഖച്ഛായയിലായിരന്ന പ്രഗതി മൈതാനത്തിന് അധുനിക മുഖം വൈന്നു. ദല്‍ഹിയുടെ വികസനത്തിനായി കേന്ദ്രം നിരവധി പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ സാംസ്കാരിക തനിമയും വെളിപ്പെടുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതായും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇടനാഴി വന്നതോടെ പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ പ്രദര്‍ശന- സമ്മേളന കേന്ദ്രത്തിലേക്കു സുഗമമായ പ്രവേശനം ലഭിക്കും. മൈതാനത്തു നടക്കുന്ന പരിപാടികളില്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാനും സൗകര്യമൊരുങ്ങും.
ഇത് പുതിയ ഇന്ത്യയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ പ്രതിജ്ഞകളെടുക്കാനും അത് നിറവേറ്റാനും പുതിയ ഇന്ത്യയ്ക്ക് സാധിക്കും. രാജ്യത്തിന്റെ എല്ലാ നല്ല ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കാനായി രാഷ്ട്രീയ നിറം ചാര്‍ത്തി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. ഈ പ്രവണതകള്‍ നമ്മുടെ നാടിന്റെ ദുര്യോഗമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. അഗ്നിപഥ് വിഷയത്തെ പേരെടുത്ത് പറയാതെയാണ് നരേന്ദ്രമോദിയുടെ ഈ പരാമര്‍ശം. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ദീപ് സിങ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ് സംയോജിത ഗതാഗത ഇടനാഴി. 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കിയത്. പൂര്‍ണചെലവും കേന്ദ്രസര്‍ക്കാരിന്റേതാണ്.
പ്രഗതി മൈതാനത്തിനു മാത്രമല്ല, പദ്ധതി ഗുണം ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തില്‍നിന്ന് പ്രഗതി മൈതാനത്തിന്റെ ബേസ്മെന്റ് പാര്‍ക്കിങ്ങിലേക്കും പോകാനാകും. പാര്‍ക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിന് പ്രധാന ടണല്‍ റോഡിനു താഴെ രണ്ടു ക്രോസ് ടണലുകള്‍ നിര്‍മിച്ചിട്ടുണ്ട്.
അതിനിടെ ഉദ്ഘാടനത്തിനു ശേഷം പ്രദേശത്തെ മാലിന്യങ്ങള്‍ പ്രധാനമന്ത്രി നീക്കം ചെയ്യുന്നതിന്റഎ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പ്രഗതി മൈതാന്‍ സന്ദര്‍ശനത്തിനിടെ നിലത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പിയും മറ്റു മാലിന്യങ്ങളും മോദി തന്നെ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: