പാലക്കാട് : മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയ കാറില്‍ നിന്നും 1.78 കോടി രൂപ പോലീസ് പിടിച്ചെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്ടുനിന്ന് തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളുടെ കാറില്‍ നിന്നാണ് പണം കണ്ടെത്തിയത്. മുന്‍വശത്തെ സീറ്റിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം.
വെള്ളിയാഴ്ചയാണ് തമിഴ്നാട് സ്വദേശികളായ ബഷീര്‍ (46), ധമീന്‍ (44), അമീന് (52) എന്നിവര്‍ സഞ്ചരിച്ച കാര്‍ വേലിക്കാട്ട് തടഞ്ഞ് കാര്‍ തട്ടിയെടുത്തത്. ഇവര്‍ പോലീസില്‍ പരാതിയും നല്കി. യാത്രക്കാരായ മൂവരെയും ഇറക്കിവിട്ട് 15 ലക്ഷം രൂപയും കാറും മൂന്ന് മൊബൈല്‍ഫോണുകളും കവര്‍ന്നെന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജി.പി.എസ്. സംവിധാനമുപയോഗിച്ച് കോങ്ങാട് പോലീസാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തോലനൂര്‍ നൊച്ചൂരിലാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. വിവരമറിയിച്ചതോടെ കോട്ടായി പോലീസും സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടെന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക കണ്ടെടുത്തത്.
500 രൂപയുടെ കെട്ടുകളാക്കി അടുക്കിവെച്ചനിലയിലായിരുന്നു പണം. ഇതോടെ പോലീസും ആശയക്കുഴപ്പത്തിലാണ്. മേലാര്‍കോട് ഭാഗത്ത് കടം കൊടുക്കാനാണ് പണം കൊണ്ടുവന്നതെന്നും 15 ലക്ഷം രൂപ കാറിലുണ്ട് എന്നുമാണ് മൂവര്‍സംഘം പോലീസിനോട് പറഞ്ഞിരുന്നത്.
ഫോറന്‍സിക്- വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട്, മുണ്ടൂര്‍, കോങ്ങാട് പ്രദേശങ്ങളില്‍ മുമ്പും സമാനമായ രീതിയില്‍ കാര്‍തട്ടിയെടുക്കല്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. കുഴല്‍പ്പണക്കടത്തുസംഘങ്ങളാണ് ഇത്തരം സംഭവങ്ങള്ക്കുപിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: