ന്യൂദല്‍ഹി : വിമാന യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന് ചികിത്സ നല്കി കേന്ദ്രമന്ത്രി. ന്യൂദല്‍ഹി- ഔറംഗബാദ് എയര്‍ ഇന്ത്യ വിമാനത്തില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ബി കെ കരാഡും മുന്‍ കേന്ദ്രമന്ത്രി ഡോ. സുഭാഷ് ഭാംരെയുമാണ് പരിചരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന് റാവു കരാഡും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഡോ. സുഭാഷ് ഭാംരെയും യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് യാത്രികരില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് അന്വേഷിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ട്വീറ്റഅ ചെയ്യുകയും. കരാഡും ഭാംരെയും പരിശോധിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുമായിരുന്നു.
യാത്രക്കാരനെ പരിചരിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പിന്നീട് ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് നന്ദി അറിയിച്ചുകൊണ്ട് എയര്‍ ഇന്ത്യയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്നലെ ഞങ്ങളുടെ ദല്‍ഹി- ഔറംഗബാദ് ഫളൈറ്റിലെ ഒരു യാത്രക്കാരന് അസുഖം ബാധിച്ചു. എസ്ഒപി പ്രകാരം ഏതെങ്കിലും ഡോക്ടര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ ക്രൂ അറിയിച്ചു. ഡോ. ബി.കെ. കരാഡും ഡോ. സുഭാഷ് ഭാംരെ ഉടന്‍ അദ്ദേഹത്തെ പരിചരിച്ചു’ എന്നായിരുന്നു ട്വീറ്റ്.
അതേസമയം കേന്ദ്രമന്ത്രി കരാഡ് ഇതിനുമുമ്പും അസുഖബാധിതനായി കുഴഞ്ഞുവീണയാളുടെ ജീവന് രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയിലെ താജ് മാന്‍സിങ്ങില്‍ നടന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഫോട്ടോഗ്രാഫര്‍ക്കാണ് കരാഡ് രക്ഷകനായത്.
കരാഡിന്റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് കണ്ട മന്ത്രി ഉടന്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തെത്തി പള്‍സ് പരിശോധിച്ചു. പിന്നീട് നാഡിമിടിപ്പ് കൂട്ടാന്‍ കാല്‍പ്പാദത്തില്‍ തുടരെത്തുടരെ അമര്‍ത്തുകയും ചെയ്തു. 5-7 മിനിറ്റുകള്‍ക്ക് ശേഷം യുവാവിന്റെ പള്‍സ് സാധാരണ നിലയിലാവുകയും ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കാന്‍ മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: