അമ്മ – നിഘണ്ടുവിലെ മറ്റേതെങ്കിലും പദം പോലെയല്ല. – സ്നേഹം, ക്ഷമ, വിശ്വാസം… ഒരുപാടര്‍ത്ഥങ്ങള്‍. ഇന്ന്, എന്റെ അമ്മ ഹീരാബ നൂറാം വയസ്സിലേക്കു കടക്കുന്നു. അച്ഛന് ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ഈ വര്‍ഷം എനിക്കേറെ പ്രത്യേകതകളുള്ളതാണ്.
കഴിഞ്ഞയാഴ്ച, അനന്തരവന് ഗാന്ധിനഗറില്‍ നിന്ന് അമ്മയുടെ കുറച്ചു വീഡിയോകള്‍ അയച്ചു. കുറച്ചു ചെറുപ്പക്കാര്‍ വീട്ടില്‍ വന്നിരുന്നു. അച്ഛന്റെ ചിത്രം കസേരയില്‍ വച്ചിരിക്കുന്നു. ഒരു കീര്‍ത്തനം കേള്‍ക്കുന്നുണ്ട്. അമ്മ ഭജന ആലപിക്കുന്നതില്‍ മുഴുകിയിരിക്കുന്നു. അമ്മ ഇപ്പോഴും അങ്ങനെയാണ്. പ്രായം ശരീരത്തെ ബാധിച്ചിരിക്കാം; എന്നാല്‍ എന്നത്തേയും പോലെ മനസ്സുകൊണ്ടു ജാഗരൂകയാണ്.
ഞങ്ങളുടെ കുടുംബത്തില്‍ പിറന്നാളാഘോഷങ്ങള്‍ പതിവില്ലായിരുന്നു. ഇത്തവണ അച്ഛന്റെ ജന്മദിനത്തില്, വഡ്നഗറിലെ കുറച്ചുകുട്ടികള് 100 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. എനിക്ക് ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും അച്ഛനമ്മമാരില്‍ നിന്നാണ് കിട്ടിയത്. മനസ്സ് പോയകാലത്തിന്റെ ഓര്‍മ്മകളാല്‍ നിറയുകയാണ്. അമ്മ അസാധാരണമാംവിധം ലാളിത്യവതിയാണ്; എല്ലാ അമ്മമാരെയും പോലെ!
‘ആഡംബര’മില്ലാത്ത വീടിന്റെ അത്താണി
അമ്മ ജനിച്ചത് മെഹ്സാനയിലെ വിസ്നഗറിലാണ്. എന്റെ ജന്മനാടായ വഡ്നഗറിനോട് അടുത്ത പ്രദേശമാണത്. സ്പാനിഷ് ഫ്ളൂവിനെത്തുടര്ന്ന് ചെറുപ്രായത്തില്‍ തന്നെ അമ്മയ്ക്ക് പെറ്റമ്മയെ നഷ്ടപ്പെട്ടു. അമ്മയില്ലാത്തതായിരുന്നു ആ ബാല്യം. സ്കൂളില്‍ പോയില്ല, എഴുത്തും വായനയും പഠിക്കാനായില്ല. പട്ടിണിയും ഇല്ലായ്മയും നിറഞ്ഞ കുട്ടിക്കാലം. പെറ്റമ്മയുടെ മുഖം പോലും കാണാനാകാതെ വളര്‍ന്നത് അമ്മയെ ഏറെ വേദനിപ്പിച്ചു. കുടുംബത്തെ ഒറ്റയ്ക്ക് പരിപാലിച്ചു, എല്ലാ ജോലികളും ചെയ്തു. വിവാഹശേഷവും ഈ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തു. മുഴുവന്‍ കുടുംബത്തെയും ശാന്തതയോടെ, ധൈര്യത്തോടെ ചേര്‍ത്തുപിടിച്ചു.
വഡ്നഗറില്‍, ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു ജനല്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ്. ശുചിമുറി പോലുള്ള ‘ആഡംബര’മില്ലാത്ത വീട്. മണ്‍ഭിത്തികളും കളിമണ്‍ ഓടുകളുമുള്ള ഈ ഒറ്റമുറിയെ ഞങ്ങള്‍ വീട് എന്ന്് വിളിച്ചു. ഭക്ഷണമുണ്ടാക്കാന്‍ മുളയും മരപ്പലകയും കൊണ്ട് ഒരു സംവിധാനം ഉണ്ടാക്കി. അതായിരുന്ന അടുക്കള. വയ്പും തീനുമെല്ലാം അവിടെത്തന്നെ.
സാധാരണയായി, പട്ടിണി സമ്മര്‍ദമുണ്ടാക്കും. എന്നാല്‍ അച്ഛനുമമ്മയും അതിന് വഴങ്ങിയില്ല. അവര്‍ ഉത്തരവാദിത്തങ്ങള്‍ പങ്കിടുകയും നിറവേറ്റുകയും ചെയ്തു. ഒരു ക്ലോക്ക് പോലെ, അച്ഛന് വെളുപ്പിന് നാലിന് ജോലിക്ക് പോകും. സമയം നാല് മണിയായെന്നും ‘ദാമോദര്കാക്ക’ ജോലിക്ക് പോകുകയാണെന്നും അദ്ദേഹത്തിന്റെ കാലൊച്ച അയല്‍ക്കാരോട് പറയും. തന്റെ ചെറിയ ചായക്കട തുറക്കുന്നതിന് മുമ്പ് അമ്പലത്തില്‍ പ്രാര്‍ത്ഥിക്കുക അദ്ദേഹത്തിന് പതിവായിരുന്നു.
അമ്മയും അച്ഛനോടൊപ്പം ഉണരും. രാവിലെ തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നര്‍സി മേത്തയുടെ ജനപ്രിയഭജന – ‘ജല്‍കമല്‍ ഛഡിജാനേ ബാല, സ്വാമി അമരോ ജാഗ്സെ’- അമ്മയുടെ ചുണ്ടില്‍ തത്തിക്കളിക്കും. ‘ശിവാജി നുഹലാര്‍ഡു’ എന്ന താരാട്ടും അമ്മയ്ക്കൊത്തിരി ഇഷ്ടമായിരുന്നു. മക്കള്‍ പഠനം ഉപേക്ഷിച്ച് വീട്ടുജോലികളില്‍ സഹായിക്കുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നില്ല. ഒരു സഹായവും ഞങ്ങളോട് ചോദിച്ചിട്ടില്ല. എങ്കിലും, അമ്മയുടെ കഠിനാധ്വാനം കണ്ടപ്പോള്‍, സഹായിക്കേണ്ടത് കടമയായി ഞങ്ങള്‍ കരുതി. കുളത്തില്‍ നീന്തുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. അതുകൊണ്ട് വീട്ടില്‍ നിന്ന് മുഷിഞ്ഞ തുണികളെല്ലാം എടുത്ത് കുളത്തിനരികെ അലക്കാന്‍ പോകും. അലക്കലും നീന്തലും ഒരുമിച്ച് നടന്നു.
അയല്‍വീടുകളില്‍ പാത്രം കഴുകിയും ചര്‍ക്കയില്‍ നൂല് നൂറ്റും അമ്മ വീട്ടുചെലവിനുള്ള പണം കണ്ടെത്തി. മഴക്കാലം ഞങ്ങളുടെ മണ്‍വീടിന് പ്രശ്നഭരിതമായിരുന്നു. ജൂണിലെ കൊടും ചൂടില്‍ അമ്മ മേല്‍ക്കൂരയില്‍ കയറി ഓടുകള്‍ നന്നാക്കും. എന്നാലും, മഴയെ ചെറുക്കാന്‍ കഴിയാത്തത്ര പ്രായമുണ്ടായിരുന്നു വീടിന്. ആകെ ചോര്‍ന്നൊലിക്കും. അമ്മ ചോര്‍ച്ചയുള്ളിടത്തു ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. അടുത്ത കുറച്ചുദിവസത്തേക്ക് ഈ വെള്ളം അമ്മ ഉപയോഗിക്കുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും. ജലസംരക്ഷണത്തിന് ഇതിലും നല്ല ഉദാഹരണം വേറെന്തുണ്ട്! അമ്മ വീട് നന്നായി അലങ്കരിക്കുമായിരുന്നു, അത് വൃത്തിയാക്കാന്‍ ധാരാളം സമയം ചെലവഴിക്കും. തറ ചാണകം മെഴുകും. ചാണകവറളി ഉപയോഗിച്ചായിരുന്നു പാചകം. അത് കത്തിക്കുമ്പോള്‍ ധാരാളം പുക വരും. ചുവരുകള്‍ പുക കൊണ്ട് കറുക്കും. ഏതാനും മാസം കൂടുമ്പോള്‍ അമ്മ തന്നെ അത് വെള്ളയടിച്ച് മിനുക്കും. ഇത് ഞങ്ങളുടെ പൊളിഞ്ഞ വീടിന് പുതുമയുടെ ഗന്ധം നല്‍കിയിരുന്നു. വീട് അലങ്കരിക്കാന്‍ അമ്മ ചെറിയ കളിമണ്‍ പാത്രങ്ങളും ഉണ്ടാക്കും. പഴയ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ അമ്മയ്ക്ക് വൈദഗ്ധ്യമുണ്ടായിരുന്നു. പഴയ കടലാസും പുളിയും വെള്ളത്തില്‍ മുക്കി പശയുണ്ടാക്കും. ഇതുപയോഗിച്ച് ചുവരുകളില്‍ കണ്ണാടി കഷ്ണങ്ങള്‍ ഒട്ടിച്ച് മനോഹരമായ പെയിന്റിങ്ങുകള്‍ സൃഷ്ടിക്കും. കിടക്ക വൃത്തിയുള്ളതായിരിക്കണമെന്ന് അമ്മയ്ക്ക് പ്രത്യേകം നിഷ്കര്‍ഷയുണ്ടായിരുന്നു. നേരിയ ചുളിവുണ്ടായാല്‍ കിടക്ക വീണ്ടും ശുചിയാക്കുമായിരുന്നു. പൂര്‍ണതയ്ക്കായുള്ള ഈ പരിശ്രമം ഇപ്പോഴും നിലനില്ക്കുന്നു. ഗാന്ധിനഗറില്‍ എന്റെ സഹോദരന്റെയൊപ്പമാണ് താമസിക്കുന്നതെങ്കിലും, ഈ പ്രായത്തിലും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനാണ് അമ്മ ശ്രമിക്കുന്നത്.
ദൈവത്തിന്റെ പദ്ധതികളിലെ ഉപകരണം
ഞാന്‍ ചെല്ലുമ്പോഴെല്ലാം സ്വന്തം കൈകൊണ്ട് എനിക്ക് മധുരപലഹാരങ്ങള്‍ നല്‍കും. കഴിച്ചുകഴിഞ്ഞാല്‍ ഒരു തൂവാലകൊണ്ട് എടുത്ത് മുഖം തുടച്ചുതരും. ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടുള്ള ആഴത്തിലുള്ള ബഹുമാനം അമ്മയുടെ പ്രത്യേകതയാണ്. വഡ്നഗറിലെ വീടിനോട് ചേര്‍ന്നുള്ള ഓട വൃത്തിയാക്കാന്‍ ആരെങ്കിലും വരുമ്പോള്‍ ചായ കൊടുക്കാതെ അമ്മ അവരെ പോകാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ വീടും ചായയും അവര്‍ക്കിടയില്‍ പ്രശസ്തമായി. എല്ലാ വേനലിലും അമ്മ പക്ഷികള്‍ക്കായി ജലപാത്രങ്ങള്‍ വയ്ക്കും. വീടിന് ചുറ്റുമുള്ള തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനും അമ്മ ശ്രദ്ധിച്ചു.
ഭക്ഷണത്തിന്റെ ഒരു തരി പോലും പാഴാക്കരുതെന്ന് അമ്മ നിര്‍ബന്ധിച്ചു. കല്യാണസദ്യയ്ക്ക് പോകുമ്പോഴൊക്കെ ഇത് ഓര്‍മ്മിപ്പിക്കും. കഴിക്കാന്‍ കഴിയുന്നത്ര മാത്രം എടുക്കുക എന്നത് നിര്‍ബന്ധമായിരുന്നു. മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തി. അച്ഛന്റെ അടുത്ത സുഹൃത്ത് അടുത്ത ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹം മരണം പൊടുന്നനെയായിരുന്നു. മകന് അബ്ബാസിനെ അച്ഛന് വീട്ടിലേക്ക് കൊണ്ടുവന്നു. അവന് ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂര്‍ത്തിയാക്കി. അമ്മയ്ക്ക് അബ്ബാസും മകനായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ അവന്റെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കും..
അമ്മയ്ക്ക് എപ്പോഴും എന്നിലും അമ്മ പകര്‍ന്നുതന്ന സംസ്കാരങ്ങളിലും വിശ്വാസമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്, ഞാന്‍ സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലം. ആ കാര്യങ്ങളിലെ തിരക്കുമൂലം കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നില്ല. ആ കാലത്ത് ജ്യേഷ്ഠന് അമ്മയെ ബദരീനാഥിലും കേദാര്‍നാഥിലും കൊണ്ടുപോയി. എന്നാല്‍, കാലാവസ്ഥ പെട്ടെന്ന് മോശമായി. പ്രവര്‍ത്തകര്‍ അമ്മയെ തേടിയിറങ്ങി. റോഡരികിലെ പ്രായമായ സ്ത്രീകളോടെല്ലാം നരേന്ദ്രമോദിയുടെ അമ്മയാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ അമ്മയെ കണ്ടു, പുതപ്പും ചായയും കൊടുത്തു. കേദാര്‍നാഥില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ഈ സംഭവം അമ്മയില്‍ മതിപ്പുണ്ടാക്കി. ”ആളുകള്‍ നിന്നെ തിരിച്ചറിയുന്നതുപോലെയുള്ള കുറച്ച് നല്ല ജോലികള്‍ നീ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു” എന്ന് പിന്നീട് എന്നെ കണ്ടുമുട്ടിയപ്പോള്‍ അമ്മ പറഞ്ഞു. ഇന്ന്, തന്റെ മകന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതില്‍ അഭിമാനിക്കുന്നുണ്ടോ എന്ന് ആളുകള്‍ ചോദിക്കുമ്പോഴെല്ലാം, അമ്മ ആഴത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ”ഞാനും നിങ്ങളെപ്പോലെ അഭിമാനിക്കുന്നു. ഒന്നും എന്റേതല്ല. ദൈവത്തിന്റെ പദ്ധതികളിലെ ഒരു ഉപകരണം മാത്രമാണ് ഞാന്‍”.
ഒരു സര്‍ക്കാര്‍ പരിപാടിക്കും പൊതുപരിപാടിക്കും അമ്മ എന്നെ അനുഗമിക്കാറില്ല. രണ്ട് തവണ മാത്രമാണ് അമ്മ എന്നോടൊപ്പം വന്നിട്ടുള്ളത്. ഏകതാ യാത്ര പൂര്‍ത്തിയാക്കി ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി, ശ്രീനഗറില്‍ നിന്ന് മടങ്ങിയ ശേഷം അഹമ്മദാബാദിലെ ഒരു പൊതുചടങ്ങില്‍ അമ്മ പങ്കെടുത്തു, അവിടെ എന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി. അമ്മയെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം വികാരഭരിത നിമിഷമായിരുന്നു. കാരണം ഏകതാ യാത്രയുടെ സമയത്ത് ഫഗ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ കുറച്ച് പേര് മരിച്ചിരുന്നു. ആ സമയത്ത് അമ്മ ഏറെ വിഷമിച്ചു.
2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാന്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതാണ് രണ്ടാമത്തെ സംഭവം. രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ആ സത്യപ്രതിജ്ഞാ ചടങ്ങാണ് അമ്മ എന്നോടൊപ്പം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി. അതിനു ശേഷം ഒരു പൊതു പരിപാടിയിലും എന്നെ അനുഗമിച്ചിട്ടില്ല. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍, എന്റെ എല്ലാ അധ്യാപകരെയും പരസ്യമായി ആദരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യാപികയെന്നും അതുകൊണ്ട് അമ്മയെ ബഹുമാനിക്കണമെന്നും ഞാന്‍ കരുതി. പക്ഷേ അമ്മ നിരസിച്ചു. ”നോക്കൂ, ഞാന്‍ ഒരു സാധാരണവ്യക്തിയാണ്, ഞാന്‍ നിന്നെ പ്രസവിച്ചിരിക്കാം, പക്ഷേ നിന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും സര്‍വ്വശക്തനാണ്” അമ്മ പറഞ്ഞു, എന്നാല്‍ അമ്മയ്ക്ക് വേണ്ടി ആ ദിവസം എന്റെ എല്ലാ അധ്യാപകരെയും ആദരിച്ചു.
ആ പരിപാടിക്ക് മുമ്പ്, ഞങ്ങളുടെ അധ്യാപകനായ ജേതാഭായ് ജോഷിജിയുടെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പങ്കെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. അദ്ദേഹമാണ് എന്നെ, അക്ഷരമാല പഠിപ്പിച്ചത്. അദ്ദേഹം മരിച്ചുപോയി എന്നറിയാമായിരുന്നിട്ടും അമ്മ അദ്ദേഹത്തെ ഓര്‍ത്തു. അമ്മയുടെ ചിന്തയും ദീര്‍ഘവീക്ഷണവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു പൗരയെന്ന നിലയില്‍ കടമകളെക്കുറിച്ച് ബോധവതിയായിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു.
തീരുമാനങ്ങള്‍ക്കൊപ്പം അനുഗ്രഹം ചൊരിഞ്ഞ്
പൊതുജനങ്ങളുടെയും സര്‍വശക്തന്റെയും അനുഗ്രഹം ഉള്ളതിനാല്‍ എനിക്ക് ഒന്നും സംഭവിക്കില്ലെന്ന് അമ്മ പറയാറുണ്ട്. മുന്‍പ് ചതുര്‍മാസ ആചാരങ്ങള്‍ അമ്മ കര്‍ശനമായി പാലിക്കുമായിരുന്നു. നവരാത്രി കാലത്തെ എന്റെ ശീലങ്ങളും അമ്മയ്ക്കറിയാം. ഞാന്‍ വളരെക്കാലമായി ഈ കര്‍ശനമായ വ്യക്തിഗത നിയമങ്ങള്‍ പിന്തുടരുന്നതിനാല് അത് ലഘൂകരിക്കണമെന്ന് അമ്മ ഇപ്പോള്‍ എന്നോട് പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അമ്മ ആരെക്കുറിച്ചും പരാതിപ്പെടാറില്ല, ആരില്‍ നിന്നും ഒരു പ്രതീക്ഷയും കാത്തുസൂക്ഷിക്കാറുമില്ല. ഇന്നും അമ്മയുടെ പേരില്‍ സ്വത്തുക്കളൊന്നുമില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല. അമ്മയ്ക്കതില്‍ താല്‍പ്പര്യവുമില്ല. മുമ്പത്തെപ്പോലെ, തന്റെ ചെറിയ മുറിയില്‍ അവര്‍ വളരെ ലളിതമായ ജീവിതശൈലി നയിക്കുന്നത് തുടരുന്നു. അമ്മയ്ക്ക് ദൈവത്തില്‍ അപാരമായ വിശ്വാസമുണ്ട്, അതേ സമയം, അന്ധവിശ്വാസങ്ങളില്‍ നിന്ന് അകന്നുനിന്നു. അതേ ഗുണങ്ങള്‍ ഞങ്ങളിലും വളര്‍ത്തി.
അമ്മ എന്റെ തീരുമാനങ്ങളെ മാനിച്ചു, പ്രോത്സാഹിപ്പിച്ചു. എന്റെ വ്യതിരിക്തമായ ശീലങ്ങളുടെയും അസാധാരണ പരീക്ഷണങ്ങളെയും അമ്മ ഉള്‍ക്കൊണ്ടു. ഉദാഹരണത്തിന്, ഞാന്‍ പലപ്പോഴും കുറച്ച് മാസത്തേക്ക് ഉപ്പ് ഒഴിവാക്കും, അല്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ ധാന്യങ്ങള്‍ ഒഴിവാക്കി പാല് മാത്രം കഴിക്കും. ചിലപ്പോള്‍, ആറുമാസത്തേക്ക് മധുരപലഹാരങ്ങള്‍ ഒഴിവാക്കും. മഞ്ഞുകാലത്ത് തുറസ്സായ സ്ഥലത്ത് ഉറങ്ങുകയും മണ്പാത്രത്തിലെ തണുത്ത വെള്ളത്തില്‍ കുളിക്കുകയും ചെയ്യും. ഞാന്‍ സ്വയം പരീക്ഷിക്കുകയാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, ഒന്നിനേയും എതിര്‍ത്തുമില്ല..
ഒരിക്കല്‍ വീടിനടുത്തുള്ള ഗിരിമഹാദേവ ക്ഷേത്രത്തില്‍ ഒരു മഹാത്മാവ് വന്നു. ഭക്തിയോടെ ഞാന്‍ അദ്ദേഹത്തെ സേവിക്കാന്‍ തുടങ്ങി. അക്കാലത്ത്, സഹോദരിയുടെ വിവാഹത്തെക്കുറിച്ച് അമ്മ ഏറെ ഉത്സുകയായിരുന്നു, വീട്ടുകാരെല്ലാം കല്യാണഒരുക്കത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞു. അമ്മ എന്നോട് കാരണം ചോദിച്ചു, മഹാത്മാവിന് ചെയ്യുന്ന എന്റെ സേവനത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചു. അമ്മ നിരാശയായിരുന്നു, എങ്കിലും ”കുഴപ്പമില്ല, ഇഷ്ടം പോലെ ചെയ്യ്”എന്ന് പറഞ്ഞു.
എനിക്ക് പുറത്ത് പോയി ലോകത്തെ മനസ്സിലാക്കണമെന്ന് ഞാന്‍ പലപ്പോഴും അച്ഛനമ്മമാരോട് പറയുമായിരുന്നു. അവസാനം, ഞാന്‍ വീട്ടില്‍ നിന്ന് പോകാനുള്ള എന്റെ ആഗ്രഹം വെളിപ്പെടുത്തുകയും അനുഗ്രഹം ചോദിക്കുകയും ചെയ്തു. അച്ഛന് അങ്ങേയറ്റം നിരാശനായിരുന്നു, പ്രകോപിതനായി, എന്നാലും, അമ്മ എന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി, ‘നിന്റെ മനസ്സ് പറയുന്നതുപോലെ ചെയ്യൂ’ എന്ന് എന്നെ അനുഗ്രഹിച്ചു. അച്ഛനെ സമാധാനിപ്പിക്കാന്‍, അവര്‍ എന്റെ ജാതകം ഒരു ജ്യോതിഷിയെ കാണിക്കാന്‍ ആവശ്യപ്പെട്ടു. ജ്യോതിഷം അറിയാവുന്ന ഒരു ബന്ധുവുമായി അച്ഛന് കൂടിയാലോചിച്ചു. എന്റെ ജാതകം പഠിച്ച ശേഷം ബന്ധു പറഞ്ഞു, ‘അവന്റെ വഴി വേറെയാണ്. സര്വ്വശക്തന് അവനുവേണ്ടി തെരഞ്ഞെടുത്ത പാതയിലൂടെ മാത്രമേ അവന് പോകുകയുള്ളൂ’.
കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. അച്ഛനും എനിക്ക് അനുഗ്രഹം നല്കി. പോകുന്നതിന് മുമ്പ്, അമ്മ എനിക്ക് തൈരും ശര്‍ക്കരയും നല്കി, ഒരു പുതിയ തുടക്കത്തിനായി. ഇനി മുതല്‍ എന്റെ ജീവിതം തീര്‍ത്തും വ്യത്യസ്തമാകുമെന്ന് അമ്മയ്ക്കറിയാമായിരുന്നു. അമ്മമാര്‍ അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ വളരെ സമര്‍ത്ഥരായിരിക്കാം, പക്ഷേ അവരുടെ കുട്ടി വീട്ടില്‍ നിന്ന് പോകുമ്പോള്‍ എല്ലായ്പ്പോഴും വിഷമമാണ്. അമ്മ കണ്ണുനീരണിഞ്ഞിരുന്നു.
‘തെറ്റ് ചെയ്യരുത്, കൈക്കൂലി വാങ്ങരുത്’
ഗുജറാത്ത് മുഖ്യമന്ത്രിയായി എന്നെ നിശ്ചയിക്കുമ്പോള്‍ ഞാന്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അവിടെയെത്തിയ ഞാന്‍ നേരെ അമ്മയെ കാണാന്‍ പോയി. അമ്മ ഏറെ ആഹ്ലാദവതിയായിരുന്നു. ഞാന്‍ വീണ്ടും ഒപ്പം താമസിക്കാന്‍ പോകുകയാണോ എന്ന് അന്വേഷിച്ചു. പക്ഷേ എന്റെ ഉത്തരം അമ്മയ്ക്ക് അറിയാമായിരുന്നു! ‘സര്‍ക്കാരിലെ നിന്റെ ജോലി എനിക്ക് മനസ്സിലാകില്ല, പക്ഷേ നീ ഒരിക്കലും കൈക്കൂലി വാങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’
ദല്‍ഹിയിലേക്ക് മാറിയതിന് ശേഷം അമ്മയുമായുള്ള എന്റെ കൂടിക്കാഴ്ചകള്‍ മുമ്പത്തേക്കാള്‍ കുറവാണ്. അമ്മ എന്നോട് ഇടയ്ക്കിടെ ചോദിക്കാറുണ്ട് ‘ദല്‍ഹിയില്‍ നിനക്ക് സന്തോഷമുണ്ടോ? ഇത് ഇഷ്ടമായോ?’ ഞാന്‍ അമ്മയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും വലിയ ഉത്തരവാദിത്തങ്ങളിലെ ശ്രദ്ധ നഷ്ടപ്പെടുത്തരുതെന്നും എന്നില്‍ നിന്ന് ഉറപ്പു വാങ്ങുന്നു. ഞാന്‍ ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം അമ്മ പറയും ,
‘ഒരിക്കലും ആരോടും തെറ്റായോ മോശമായോ ചെയ്യരുത്, പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക.’
ഏത് വെല്ലുവിളിയും തരണം ചെയ്യാന്‍ എന്റെ അച്ഛനമ്മമാര്‍ക്ക് ഒരേയൊരു മന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ നിരന്തരമായ കഠിനാധ്വാനം!
ജീവിതത്തില്‍ അച്ഛന് ആര്‍ക്കും ഒരു ഭാരമായിരുന്നില്ല. അമ്മയും അത് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. ‘എനിക്ക് ആരുടെയും സേവനം ആവശ്യമില്ല, എന്റെ എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.’ എന്റെ അമ്മയുടെ ജീവിതകഥയില്‍, ഭാരതത്തിന്റെ മാതൃശക്തിയുടെ തപസ്സും ത്യാഗവും സംഭാവനയും ഞാന്‍ കാണുന്നു. അമ്മയെയും അവരെപ്പോലുള്ള കോടിക്കണക്കിന് സ്ത്രീകളെയും നോക്കുമ്പോഴെല്ലാം, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായതായി ഒന്നുമില്ലെന്ന് ഞാന്‍ കണ്ടെത്തുന്നു.
ഇല്ലായ്മയുടെ എല്ലാ കഥകള്‍ക്കും അപ്പുറമാണ്, അമ്മയുടെ മഹത്തായ കഥ, എല്ലാ സമരങ്ങളേക്കാളും മുകളിലാണ് അമ്മയുടെ ശക്തമായ ദൃഢനിശ്ചയം. അമ്മയ്ക്ക് ജന്മദിനാശംസകള് നേരുന്നു. ആ ജീവിതത്തെക്കുറിച്ച് പരസ്യമായി എഴുതാനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല. അമ്മയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും, ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള അമ്മയുടെ അനുഗ്രഹങ്ങള്‍ക്കുമായി ഞാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ പാദങ്ങളില്‍ വണങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: