ന്യൂദല്‍ഹി: ബീഹാറിലെ സ്വാധീനമുള്ള യുട്യൂബര്‍മാരും കോച്ചിംഗ് ഇന്‍സ്റ്റിട്യൂട്ടുകളും കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ഭയം നിറയ്ക്കുന്നതായി പരാതി. ഇനിയൊരിക്കലും തൊഴില്‍ ലഭിക്കില്ല എന്ന ഭയമാണ് ബീഹാറിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതെന്ന് വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാര്‍ നാല് വര്‍ഷത്തേക്ക് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്കുന്ന അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ അസാധാരണമായ തോതില്‍ അക്രമവും പൊതുമുതല്‍ നശിപ്പിക്കലും അരങ്ങേറുകയാണ്. സ്വാധീനമുള്ള ട്യൂബര്‍മാരും ചില കോച്ചിംഗ് കേന്ദ്രങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക വഴി സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്ന യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്.
സച് തക് ന്യൂസ് എന്ന മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനീഷ് കശ്യപ് എന്ന് പത്രപ്രവര്ത്തകന് പ്രചരിപ്പിക്കുന്നത് അഗ്നിപഥ് പദ്ധതിക്കുള്ള റിക്രൂട്ട്മെന്റ് സ്വകാര്യസ്ഥാപനങ്ങളെ ഏല്പിച്ചിരിക്കുന്നു എന്നതാണ്. ഇത് വ്യാജവാര്‍ത്തയാണ്.
“മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ്. ഇവരുടെ നടപടികള്‍ ജനങ്ങള്‍ എതിര്‍ക്കില്ല എന്നാണ് കരുതുന്നത്. ഇപ്പോള്‍ സായുധ സേനയുടെ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സ്വകാര്യവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. “- ഈയിടെ സൃഷ്ടിച്ച യുട്യൂബ് വീഡിയോയില്‍ മനീഷ് കശ്യപ് പറയുന്നു.
“സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് നാല് വര്‍ഷക്കാലത്തെ സൈനിക സേവനത്തിനുള്ള അഗ്നിപഥ് റിക്രൂട്ട് മെന്റ് നടത്താന്‍ പോകുന്നത്. നിങ്ങളെ ഒരു വര്‍ഷത്തേക്ക് എടുക്കും. ആ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ചവിട്ടിപ്പുറത്താക്കും”- സൈനികമോഹങ്ങള് കാത്ത് സൂക്ഷിക്കുന്ന യുവാക്കളെ അരക്ഷിതാവസ്ഥയിലേക്ക് എറിയുന്ന വീഡിയോയില്‍ പറയുന്നു.
ഒരു കോച്ചിംഗ് സ്ഥാപനത്തിന്റെ ഉടമയായ എസ്കെ ജാ യുട്യൂബിലൂടെ വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ അഗ്നിപഥിനെക്കുറിച്ച് വലിയ ഭയമാണ് ഉണര്‍ത്തിവിട്ടത്. ഇദ്ദേഹത്തിന് യുട്യൂബില്‍ 6.8 ലക്ഷം സബ് സ്ക്രൈബര്‍മാര്‍ ഉണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരെ 1974ല്‍ നടന്ന ജയപ്രകാശ് നാരായണന് സംഘടിപ്പിച്ച ജെപി ആന്ദോളന് പോലുള്ള ശക്തമായ സമരങ്ങള്‍ ഉണ്ടാകണമെന്നും എസ്.കെ. ജാ ആഹ്വാനം ചെയ്യുന്നു. “ഇന്ത്യ മറ്റൊരു ജെപി ആന്ദോളന് സമരത്തിലൂടെ കടന്നുപോവുകയാണ്. യുവാക്കളുടെ ഉള്ളില്‍ അഗ്നിയുണ്ട്. നാല് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റുകള്‍ നിര്‍ത്തിവെച്ചിരുന്നതാണ്. പിന്നീട് തലയും വാലുമില്ലാത്ത ഒരു പദ്ധതി (അഗ്നിപഥ്) കൊണ്ടുവന്നു.സര്‍ക്കാരിന് ഇങ്ങിനെയൊരു ആശയം നല്‍കിയത് ആരായാലും അവരുടെ കോലമുണ്ടാക്കി ഞാന്‍ കത്തിക്കും. രാജ്യം കത്തും. ഞാന്‍ നിങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വം നല്കുന്നു. നിങ്ങള്‍ നിങ്ങളുടെ ചുമതല നിറവേറ്റൂ”- അഗ്നിപഥ് പദ്ധതിയ്ക്കെതിരെ യുവാക്കളെ കലാപത്തിനാഹ്വാനം ചെയ്ത് എസ്.കെ. ജാ പറഞ്ഞു.
ഫ്യൂച്ചര്‍ ടൈംസ് കോച്ചിംഗിന്റെ കാജളും വിദ്യാര്‍ത്ഥികളെ അഗ്നിപഥ് പദ്ധതിക്കെതിരെ തിരിക്കുന്ന ഒരു യുട്യൂബ് വീഡിയോ ഇറക്കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ എന്നതിന്റെ നിര്‍വ്വചനം തന്നെ മാറ്റി അത് പതിനേഴര വയസ്സു മുതല്‍ 21 വയസ്സ് വരെ ആക്കി മാറ്റിയിരിക്കുന്നു എന്നായിരുന്നു കാജളിന്റെ വിമര്‍ശനം. അഗ്നിപഥ് പദ്ധതിയിലേക്ക് 17,.5 മുതല്‍ 21 വയസ്സുവരെയുള്ളവരെ മാത്രമേ എടുക്കൂ എന്നായിരുന്നു ആദ്യം ധാരണയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 23 വയസ്സ് വരെയാക്കി മാറ്റിയിട്ടുണ്ട്. അഗ്നിപഥിനെ ഒരു ചെറിയ ടൂറിനോടാണ് കാജള്‍ ഉപമിക്കുന്നത്.
ഇത്തരം വ്യാജപ്രചാരണങ്ങള്‍ സൈനിക മോഹവുമായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കളെ അക്രമത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇവരാണ് ട്രെയിന്‍ കത്തിക്കുന്നതുള്പ്പെടെയുള്ളഅക്രമങ്ങള് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: