ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥ് സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ കഴിവിനെയും പരിശീലനത്തെയും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേവി ചീഫ് അഡ്മിറല്‍ ആര് ഹരികുമാര്‍. ഒരാള്‍ക്കു പകരം നാലു പേര്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ ഗുണകരമായ പദ്ധതിയാണിത്. യുവാക്കള്‍ക്ക് അഗ്നിപഥ് കൂടുതല്‍ മികച്ച അവസരങ്ങള്‍ തുറന്നുനല്‍കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പദ്ധതി സംബന്ധിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികുമാര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും നാവികസേനാ മേധാവി അഭ്യര്‍ഥിച്ചു.
ഇത്തരമൊരു പദ്ധതി മുമ്പൊന്നും നടന്നിട്ടില്ല. ഇതിനായി ഒന്നരവര്‍ഷത്തോളം കൂടിയാലോചനകള്‍ നടന്നിരുന്നു. അഗ്നിപഥ് സേനയെ കൂടുതല്‍ ചെറുപ്പമാകും. ഇന്ത്യന്‍ സൈന്യത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും അദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കു കീഴില്‍, 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ആര്‍മി, നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നീ മൂന്ന് സൈനിക വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. നാല് വര്‍ഷം ആയിരിക്കും സൈനിക സേവനം. ഇതിനു ശേഷം, മെറിറ്റും ഓര്‍ഗനൈസേഷണല്‍ ആവശ്യകതകളും അനുസരിച്ച് 25 ശതമാനം പേര്‍ക്ക് സ്ഥിരമായിട്ടുള്ള സേവനങ്ങളില്‍ ചേരുന്നതിന് സ്വമേധയാ അപേക്ഷിക്കാം. സൈന്യത്തില്‍ ചേരാനുള്ള പ്രായപരിധി 21 വയസില്‍ നിന്ന് 23 വയസായി പുതുക്കി നിശ്ചയിച്ചിട്ടും ഉണ്ട്.
‘നിലവിലെ രീതി അനുസരിച്ച്, സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് 20 ആഴ്ച പരിശീലനം നല്‍കും. കപ്പലില്‍ രണ്ടോ നാലോ ആഴ്ചത്തെ പരിശീലനമാണ് നല്‍കുന്നത്. തുടര്‍ന്ന് നാല്-അഞ്ച് മാസത്തെ ഫങ്ഷണല്‍ യോഗ്യതാ കോഴ്സില്‍ പങ്കെടുക്കുകയും അതിനു ശേഷം കപ്പലുകളിലോ അന്തര്‍വാഹിനികളിലോ ഓപ്പറേഷന് യൂണിറ്റിലോ വിന്യസിക്കുകയും ചെയ്യുന്നു. അപ്പോളാണ് ജോലി പഠിക്കുന്നത്. ഈ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവര്‍ക്ക് ചുരുങ്ങിയത് ആറ് വര്‍ഷത്തിന് ശേഷമാണ് സംഭവിക്കുന്നത്”, ആര് ഹരികുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആര് ഹരികുമാര്‍ ഇന്ത്യന്‍ നാവിക സേനയുടെ 25ാമത് മേധാവിയായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: