കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍ ബസുകളുടെ മത്സരയോട്ടം, മൂന്നു ബസ്സുകള്‍ ഇടിച്ചു. എറണാകുളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസ് കുട്ടികളുടെ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന മില്ലേനിയം ബസ്സിനു പിന്നിലിടിച്ചാണ് ആദ്യത്തെ അപകടം. മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ബസ്സാണിത്. തുടര്‍ന്ന് ഇതേ ദിശയില്‍ നിന്നു തന്നെ അമിതവേഗതയില്‍ എത്തിയ ബോബി ബസ് ആവേ മരിയ ബസ്സിന്റെ പിന്നിലും ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. യാത്രക്കാരായ പത്തോളം പേര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ബസ്സുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ആശുപത്രി മേഖലകളില്‍ അമിത വേഗത പാടില്ലെന്നും ഓവര്‍ ടേക്കും, ഹോണ്‍ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യബസ്സുകള്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നത്. ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് മെഡിക്കല്‍ കോളജ് കവാടത്തിനു മുന്പില് തന്നെ ബസ്സ് നിര്‍ത്തി ആളെ കയറ്റുന്നതും പതിവാണ്. ഇതു മൂലം രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ആശുപത്രി കവാടത്തില്‍ കുടുങ്ങുന്നതും നിത്യസംഭവമാണ്. ഗതാഗത വകുപ്പിന്റെയും, ട്രാഫിക് പോലീസിന്റെയും അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: