മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ പ്രകടനം നടത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. ഓഫീസ് സമയത്തായിരുന്നു പ്രകടനം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അടിയന്തരമായി ജോലി ചെയ്യണമെന്ന നിര്‍ബന്ധം നിലനില്‍ക്കുമ്പോഴാണ് അടിയന്തര പ്രകടനം. ഏതാണ്ട് 1500 ഓളം പേര് പങ്കെടുത്തു എന്നാണ് അവകാശവാദം. അതിലൊരു തെറ്റുമില്ലെന്നാണ് സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാദം.
ഈ മുഖ്യമന്ത്രി തന്നെയാണ് ഡ്യൂട്ടി സമയത്ത് മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ഡ്യൂട്ടിസമയത്ത് ഓണത്തിന് ജീവനക്കാര്‍ പൂക്കളമൊരുക്കിയതിനെ കര്‍ശനമായി എതിര്‍ത്തതാണ്. ഇമ്മാതിരി ഗിമ്മിക്കുകളൊന്നും വേണ്ടെന്നും നിര്‍ദേശിച്ചിരുന്നു. എന്നാലിപ്പോള്‍ കൂട്ടത്തോടെ കസേര വിട്ടിറങ്ങി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചതിനെ ‘ബലേഭേഷ്’ എന്ന മട്ടിലാണ് നോക്കിക്കണ്ടത്.
ഓഫീസിലെത്തി ജീവനക്കാര്‍ ചുറ്റിക്കറങ്ങുന്നതിനെതിരെ അതിനിശിതമായ വിമര്‍ശനം നേരത്തെ പല തവണ ഉയര്‍ന്നതാണ്. വാങ്ങുന്ന വേതനത്തോട് കൂറുപുലര്ത്താതെയുള്ള നീക്കം അവസാനിപ്പിക്കാന്‍ പലരും നിയമസഭകളില്‍ ഘോരഘോരം പ്രസംഗിച്ചിട്ടുണ്ട്. ഒ. ഭരതന് നിയമസഭയില്‍ ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്. തീവണ്ടികളുടെ സമയമാണ് സെക്രട്ടേറിയേറ്റിലെ പല ജീവനക്കാരുടെയും ഡ്യൂട്ടിസമയമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഓഫീസിലെത്തിയാല്‍ സീറ്റില്‍ ഒരു ടര്‍ക്കി വിരിച്ചിട്ട ശേഷം ഇറങ്ങുന്ന ജീവനക്കാര്‍ എവിടെ പോകുന്നു, എന്തുചെയ്യുന്നു എന്നുപോലും അറിയില്ലെന്നും ആക്ഷേപമുയര്‍ന്നു. ഓരോ ഫയലും ഓരോരുത്തരുടെ ജീവനും ജീവിതവുമാണെന്ന് വിലപിക്കുന്നവരുടെ ഭരണത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നാണ് ആശ്ചര്യം.
ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നതുപോലെയാണ് ഇന്ന് സിപിഎമ്മുകാരുടെ പെരുമാറ്റം. നാടാകെ ഓടി നടന്ന് കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഓഫീസുകള്‍ അടിച്ചുതകര്‍ക്കുന്നു. വീടുകളെയും വെറുതെ വിടുന്നില്ല. എന്നിട്ടും അരിശം തീരാതെ ഗാന്ധിപ്രതിമയും വെട്ടിവീഴ്ത്തി. വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. വിമാനത്തില്‍ കയറി അക്രമത്തിന് പുറപ്പെടണമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എല്ലാറ്റിനും ഒരതിരുണ്ട്. ആവേശം കയറി അതിരുവിട്ടാല്‍ അത്യാപത്താണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ആര്‍എസ്എസ് ഭീഷണിപ്പെടുത്തി എന്നാണ് ഇ.പി. ജയരാജന്റെ വാദം. തങ്ങള്‍ ചെയ്തുകൂട്ടുന്ന തെമ്മാടിത്തങ്ങളെ ന്യായീകരിക്കാന്‍ എന്ത് വിടുവായത്തം വിളമ്പാനും മടിയില്ലെന്നാണ് ഈ വാദം തെളിയിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലം കുറേയായി ഈ തട്ടിമൂളിക്കല്‍. ‘ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ തന്നെ ഭീഷണിപ്പെടുത്തേണ്ട’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടേ ഇരുന്നത്. പിണറായി വിജയന് ബ്രണ്ണന്‍ കോളജില്‍ പഠിച്ചത് അറുപതുകളിലാണ്. അന്ന് ബ്രണ്ണന്‍ കോളജില്‍ ആര്‍എസ്എസ് ഇല്ല. ഇല്ലാത്ത ആര്‍എസ്എസ് വാളുയര്‍ത്തിപ്പിടിച്ചു എന്ന വാദം എത്രമാത്രം ഭോഷ്ക്കാണെന്ന് പറയേണ്ടതില്ലല്ലോ.
ജനങ്ങളുടെ ദുഃഖം അകറ്റാനും വികസനം ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണ് ഭരണകര്‍ത്താക്കളുടെ ഭാഷ്യം. എല്‍ഡിഎഫ് ഭാഗത്തുനിന്ന് അക്രമം ഉണ്ടാകില്ലെന്ന് പറയുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ശാന്തരായിരിക്കണമെന്നാണ് ഇ.പി. ജയരാജന് പറയുന്നത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്കാന് പാര്ട്ടിക്കാര് മതിയെന്നാണ്. അക്രമികള്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ കഴിയില്ലെന്നും കോടിയേരി പറയുകയാണ്. ‘പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി’ എന്ന ന്യായം വിളമ്പിയതും കോടിയേരിയാണ്.
കേരളത്തില്‍ ഇടതുപക്ഷമാണ് അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതെങ്കില്‍, ദല്‍ഹിയില്‍ ആ ചുമതല കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. രാഹുലിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം മുഖ്യമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളെ ദല്‍ഹിയിലെത്തിച്ച് അക്രമത്തിന് ആക്കം കൂട്ടാനാണ് ശ്രമിച്ചത്. മടിയില്‍ കനമുള്ളതുകൊണ്ടാണ് ഈ കോപ്രായങ്ങളെന്ന് വ്യക്തം. നിയമം നിയമത്തിന്റെ വഴിക്ക് നോക്കാതെ കൈയ്യൂക്കിന്റെയും മെയ്ക്കരുത്തിന്റെയും മാര്‍ഗം തേടിയത് ഏത് നീതിയാണ്? എന്ത് മര്യാദയാണെന്ന് വിശദീകരിക്കേണ്ടിവരും.
കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഈ കോമാളിത്തരങ്ങള്‍ നടത്തുമ്പോഴാണ് ദല്‍ഹിയില്‍ മറ്റൊരു പ്രഖ്യാപനം വരുന്നത്. ഒന്നരവര്‍ഷംകൊണ്ട് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് തീരുമാനം. അതോടൊപ്പം 46000 പേര്‍ക്ക് സൈനിക തലത്തില്‍ ജോലി നല്‍കാനും തീരുമാനമായി. ഇതിനെ തെറ്റായി ചിത്രീകരിച്ച് കലാപം സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ താല്പര്യത്തോടെ നിരവധി തീവണ്ടികള്‍ കത്തിച്ചു. വീടുകളും കാറുകളും അക്രമിച്ചു. തെറ്റിദ്ധാരണ പരത്താന്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉത്തരേന്ത്യയിലുണ്ട്. അത്തരക്കാര്‍ കേരളത്തിലും കണ്ണുംനട്ട് ഇരിപ്പുണ്ട്. ഇതിനെയൊക്കെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.
വിവിധ വകുപ്പുകളിലാണ് 10 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുക. സര്‍ക്കാര്‍ വകുപ്പുകളിലെയും റെയില്‍വേയിലേയും ഒഴിവ് നികത്താന്‍ ലക്ഷ്യമിട്ട് പട്ടിക തയ്യാറാക്കി. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമനം നടത്തുകയും ചെയ്യും. ഇതൊക്കെ ചെയ്യുന്നത് കാണാതെ അഴിമതിക്കാരെയും തട്ടിപ്പുകാരെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതൊക്കെ കാണുമ്പോള്‍ ഓര്‍മ്മവരുന്നത് ‘മനുഷ്യന് നെല്ലുണക്കുമ്പോള്‍ വാനരന് വാലുണക്കു’മെന്ന ചൊല്ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: