ലഖ്നൗ: പ്രയാഗ്രാജിലെ കലാപത്തിന് നേതൃത്വം നല്കിയ ജാവേദ് മുഹമ്മദിന്റേതുള്‍പ്പെടെ വീടുകള്‍ പൊളിച്ചുമാറ്റിയ ശേഷം ഈ വെള്ളിയാഴ്ചയും കലാപമുണ്ടായേക്കുമെന്ന മുന്‍കരുതലോടെ യോഗി സര്‍ക്കാര്‍ വിവിധ നഗരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ നടപടികള്‍ ഫലം കണ്ടു. വെള്ളിയാഴ്ച ശാന്തമായി കടന്നുപോയി. കലാപത്തിന് പകരം പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളികളില്‍ നിന്നെത്തിയ വിശ്വാസികള്‍ പൊലീസുകാര്‍ക്ക് കൈമാറിയത് റോസാ പൂക്കള്‍.
ബുള്‍ഡോസര്‍ ഉപയോഗിച്ച് അക്രമികളുടെ വീട് പൊളിക്കുന്ന നടപടിയ്ക്ക് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത സാഹചര്യം മുസ്ലിം വിശ്വാസികള്‍ക്കിടയിലും ഭീതി പരത്തി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ വന്‍ പ്രതിരോധനടപടികളാണ് കൈക്കൊണ്ടത്. പള്ളികള്‍ക്ക് ചുറ്റും ഡ്രോണുകള്‍ പറത്തിയിരുന്നു.
സൈന്യം മിക്ക മസ്ജിദുകളുടെ പരിസരത്തും ഫ്ലാഗ് മാര്‍ച്ച് നടത്തി.പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളുടെയും പൗരത്വവിരുദ്ധ പ്രക്ഷോഭം, ദേശീയ പൗരത്വ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് പ്രത്യേകം എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും കൈമാറിയിരുന്നു. ഇവരെ പ്രത്യേകം പൊലീസ് നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ കുറ്റം ചെയ്തവരുടെ ലിസ്റ്റും എടുത്തിരുന്നു. ഷഹരാന്‍പൂര്‍, കാണ്‍പൂര്‍, ലഖ്നൗ എന്നീ നഗരങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ ശാന്തരായി വീടുകളിലേക്ക് പോകാന്‍ മുസ്ലിം വിശ്വാസികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളിയാഴ്ച നമാസിന് മുന്നോടിയായി ഗോരഖ് പൂര് പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. മോക് ഡ്രില്ലുകളും നടത്തി. പൊലീസ് ഡ്രില്ലുകളും നടത്തിയിരുന്നു. ലഖ്നോ, കാണ്‍പൂര്‍, പ്രയാഗ് രാജ്, ആഗ്ര, മൗ, സംഭാല്‍, മീററ്റ്, അംബേദ്കര്‍ നഗര്‍, ബഹ്റായിച് അയോധ്യ, ഗോണ്ട, ഷഹരാണ്പൂര് എന്നീ നഗരങ്ങളിലെ മുസ്ലിം പള്ളികളില്‍ വന്‍ ജാഗ്രതയായിരുന്നു. കാണ്‍പൂരിലെ യത്തീംഖാന മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ റോസാദളങ്ങള്‍ നല്‍കിയിരുന്നു.
ലഖ്നോവിലെ തീലെ വാലി മസ്ജിദിന് മുന്പില് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ നിന്നും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: