രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും സന്തോഷകരമായ രണ്ട് പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ഒന്നരവര്‍ഷംകൊണ്ട് കേന്ദ്ര സര്‍വീസുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനും യുവതീയുവാക്കള്‍ക്ക് സായുധസേനകളില്‍ പ്രത്യേക സേവനത്തിനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014-20 കാലയളവില്‍ മാത്രം അഞ്ചരലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 2020 മാര്‍ച്ച് ഒന്നുവരെ ഒന്‍പത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇത് നികത്താനാണ് മുന്‍ഗണന നല്‍കുക. ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ നിയമനങ്ങളാണ് നടത്തുകയെന്ന കണക്കും പുറത്തുവന്നിരിക്കുന്നു. റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയവയിലാണ് അവശേഷിക്കുന്ന നിയമനങ്ങള്‍. വ്യവസ്ഥാപിതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തിരിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.
കേന്ദ്ര സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുന്നതിനു പുറമെയാണ് മൂന്നു സായുധസേനകളിലുമായി ഈ വര്‍ഷം മാത്രം 46,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ വളരെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിവീരര്‍ എന്ന നിലയ്‌ക്കുള്ള നാല് വര്‍ഷത്തെ സേവനത്തിനുശേഷം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമികവ് പരിശോധിച്ച് വീണ്ടും അവസരം നല്‍കും. ഇവര്‍ക്ക് റഗുലര്‍ കേഡറ്റായി നിയമനം ലഭിക്കും. പതിനഞ്ച് വര്‍ഷമായിരിക്കും സേവന കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയായതിനാല്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുമെന്നത് അനുകൂല ഘടകമാണ്. സേവന കാലയളവില്‍ ആകര്‍ഷകമായ ശമ്പളത്തിനും ഇന്‍ഷുറന്‍സിനും പുറമെ നാല് വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ സേവാനിധിയായി ലഭിക്കുകയും ചെയ്യും. സൈനിക സേവനത്തിന് പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുഗുണമാണെന്ന് പലരും കരുതുന്നില്ല. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.
രാജ്യം ഭരിച്ച മറ്റ് കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്‌ക്കുകയും പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി തൊഴിലുത്പാദന പരിപാടി, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയവയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ മേഖലയിലെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത്. റിക്കാര്‍ഡ് നേട്ടം കൈവരിച്ച റോഡ് നിര്‍മാണത്തിലൂടെയും വിമാനത്താവള നിര്‍മാണത്തിലൂടെയും മറ്റും വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനും വര്‍ഷം തോറും പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരമൊരുക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: