ദമാസ്കസ്: ഐഎസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായി സിറിയന്‍ ക്യാമ്പില്‍ തടവിലുള്ള മുന്‍ ഐസ് അംഗം ഷമീമ ബീഗം. ഐഎസില്‍ ചേര്‍ന്നത് ഒരു തെറ്റായിപ്പോയി. 15-ാം വയസ്സിലെ അറിവില്ലായ്മയും പക്വതക്കുറവിലും എടുത്ത തീരുമാനമാണത്. ഐഎസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുകയാണെന്നും ഷമീമ പറഞ്ഞു.
മതവേഷം ഉപേക്ഷിച്ച് തീര്‍ത്തും പാശ്ചാത്യവേഷത്തിലാണ് അന്തര്‍ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷമീമ പ്രത്യക്ഷപ്പെട്ടത്. കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള റോജവ ക്യാമ്പിലാണ് ഷമീമ ഇപ്പോള്‍ കഴിയുന്നത്. തനിക്ക് വധ ശിക്ഷ ലഭിക്കുമെന്ന് ഭയപ്പെടുന്നതായും ഷമീമ അഭിമുഖത്തില്‍ പറഞ്ഞു.
ബ്രിട്ടീഷ് പൗരയായിരുന്ന ഷമീമ 2015-ല്‍ അമീറ അബേസ്, കദീസ സുല്‍ത്താന എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഐഎസില്‍ ചേരാന്‍ സിറിയയില്‍ എത്തിയത്. ശേഷം ഐസ് തീവ്രവാദിയെ നിക്കാഹ് ചെയ്യുകയും മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ കുഞ്ഞുങ്ങള്‍ മരിച്ചതായും പിന്നീട് സ്ഥിരീകരിച്ചു. ഷമീമയുടെ ഭര്‍ത്താവും തനിക്കൊപ്പം ഐഎസില്‍ ചേര്‍ന്ന സുഹൃത്തുക്കളും സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തിരികെ നാട്ടില്‍ വരാന്‍ ആഗ്രഹമുണ്ടെന്നും തെറ്റ് പറ്റിപ്പോയെന്നും ഷമീമ പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. 2021ല്‍ ബ്രിട്ടണ് ഇവരുടെ പൗരത്വം റദ്ദു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: