ന്യൂദല്‍ഹി:ഫ്രഞ്ച് ഭീമന് കമ്പനിയായ ടോട്ടര്‍ എനര്‍ജീസ് അദാനിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ 5000 കോടി ഡോളര്‍ മുതല്‍ മുടക്കുന്നു. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലാണ്(എഎന്‍ ഐഎല്‍) ടോട്ടര്‍ എനര്‍ജീസ് പണം നിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഊര്ജ്ജോല്പാദന വിതരണ രംഗത്തെ ഭീമന് കമ്പനിയാണ് ടോട്ടല്‍.
ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ അടുത്ത പത്ത് വര്‍ഷത്തേക്കാണ് 5000 കോടി ഡോളര്‍ മുടക്കുന്നത്. 2030ന് മുന്‍പായി വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ വീതം ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദിപ്പിക്കാനാണ് ശ്രമം. ടോട്ടല്‍ എനര്‍ജീസ് സിഇഒയും ചെയര്‍മാനുമായ പാട്രിക് പൗയന്നെയും അദാനി ഗ്രൂപ്പിനുവേണ്ടി ഗൗതം അദാനിയും കരാറില്‍ ഒപ്പുവെച്ചു. “ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രോണ്‍ ഉല്പാദിപ്പിക്കുന്നതില് ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസം കൂടി. അതാണ് ഞങ്ങളെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദിപ്പിക്കുന്നതിലേക്ക് പോകാന്‍ പ്രേരണയായത്”. – ഗൗതം അദാനി പറഞ്ഞു.
2050 ഓടെ ടോട്ടലിന്റെ മൊത്തം ഊര്ജ്ജോല്പാദനത്തിന്റെയും വില്പനയുടെയം 25 ശതമാനത്തോളം കാര്‍ബണ്‍ ഇല്ലാത്ത തന്മാത്രകളായ ബയോഫ്യൂല്സ്, ഹൈഡ്രജന്‍, ഇ ഫ്യൂല്‍സ്, ബയോഗ്യാസ് എന്നിവയിലേക്ക് മാറ്റാനാണ് ശ്രമമെന്ന് ടോട്ടല്‍ എനര്‍ജീസ് സിഇഒയും ചെയര്‍മാനുമായ പാട്രിക് പൗയന്നെ പറഞ്ഞു.
കാര്‍ബണ്‍ രഹിത ഇന്ധനമായ ഹരിത ഹൈഡ്രജന്‍ ഭാവിയില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പലരംഗത്തും വലിയൊരു പരിഹാരമായി മാറാന്‍ പോവുകയാണ്. വന്‍സാധ്യതയാണ് ഈ രംഗത്തുള്ളത്. ലോകത്തില്‍ വെച്ച് ഏറ്റവും വിലകുറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുക എന്നതാണ് എഎന്‍ ഐഎല്ലിന്റെ ശ്രമം.
കാര്‍ബണെ ഇല്ലാതാക്കുക എന്ന ഭാവിലക്ഷ്യത്തിലേക്കുള്ള വന്‍ ചുവടുവെയ്പാണ് ഗ്രീന്‍ ഹൈഡ്രജന്‍. പക്ഷെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ ലഭ്യമല്ല. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് എഎന്‍ ഐഎല്‍ ലക്ഷ്യം. ഫ്രഞ്ച് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചതോടെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 5.6 ശതമാനം വര്‍ധിച്ചു.
മുകേഷ് അംബാനിയും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദനരംഗത്തുണ്ട്. ജനവരിയില്‍ അംബാനി 7500 കോടി ഡോളറിന്റെ പദ്ധതി ഈ മേഖലയില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഒരു ഡോളറിന് ഉല്പാദിപ്പിക്കുകയാണ് അംബാനിയുടെ ലക്ഷ്യം. ഈ വില ഇപ്പോഴത്തെ വിലയേക്കാള്‍ 60 ശതമാനത്തോളം കുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: