ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ സൂചികയില്‍ തമിഴ്നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് 2021-22-ലെ പട്ടിക പുറത്തിറക്കിയത്. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82 പോയന്റാണ് തമിഴ്‌നാട് നേടിയത്. കേരളം 57 പോയിന്റുമായി ആറാംസ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം 70 പോയിന്റോടെ കേരളം രണ്ടാമതായിരുന്നു. തമിഴ്‌നാട് മുന്‍വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇക്കുറി രണ്ടാംസ്ഥാനത്താണ് (77.5 പോയന്റ്). മൂന്നാംസ്ഥാനത്ത് മഹാരാഷ്‌ട്രയാണ് (70). ഹിമാചല്‍പ്രദേശ് (65.5), പശ്ചിമബംഗാള്‍ (58.5), മധ്യപ്രദേശ് (58.5) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. ആന്ധ്രാപ്രദേശാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ (26 പോയന്റ്). ഉത്തര്‍പ്രദേശ് (54.5) എട്ടാംസ്ഥാനത്താണ്.
ചെറിയ സംസ്ഥാനങ്ങളില്‍ ഗോവ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മണിപ്പുര്‍ രണ്ടും സിക്കിം മൂന്നും സ്ഥാനങ്ങള്‍ നേടി. അരുണാചല്‍പ്രദേശാണ് ഏറ്റവും പിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് ഒന്നാംസ്ഥാനത്ത്. ദല്‍ഹിയും ചണ്ഡീഗഢും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍(16). ഓരോ പൗരന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൂചിക പുറത്തിറക്കി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: