കുണ്ടറ: ഭൂവിവരവ്യവസ്ഥയെ (ജി.ഐ.എസ്) അടിസ്ഥാനമാക്കി ടി.കെ.എം എന്‍ജിനീയറിങ് കോളേജിലെ നഗരാസൂത്രണ വിഭാഗം ബിരുദാന്തരബിരുദവിദ്യാര്ത്ഥികള് തയ്യാറാക്കിയ കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ ഭൂവിഭവ ഭൂപടം പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. ടികെഎം എന്‍ജിനീയറിങ് കോളേജ് ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി.എ. ഷാഹുല്‍ ഹമീദ് കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസിന് ഭൂപടം കൈമാറി.
പഞ്ചായത്തിലെ വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങളുടെ അപഗ്രഥനവും ചിത്രീകരണവും എളുപ്പത്തില്‍ സാധ്യമാക്കാന്‍ ജിഐഎസ് ഭൂപടം സഹായിക്കും. പഞ്ചായത്തിന്റെ വിഭവ മാനേജ്മെന്റ്, നികുതിപിരിവ്, ജലം ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജിഐഎസ് സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
ഡോ. സുമം പഞ്ഞിക്കാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം വി. വിനോദ്, ആര്‍ക്കിടെക്ചര്‍ വിഭാഗം തലവന്‍ ഡോ. കെ.ജി. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: