ശ്രീനഗര്‍: ഭീകരവാദം അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കശ്മീര്‍ താഴ്വരയില് കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ സുരക്ഷാസേന വകവരുത്തിയത് നൂറ് ഭീകരരെ. പാകിസ്ഥാന് പിന്തുണയുള്ള ഭീകരസംഘടനകളായ ലഷ്കറെ തൊയ്ബയ്ക്ക് 63 അംഗങ്ങളെയും ജയ്ഷെ മുഹമ്മദിന് 24 പേരെയും നഷ്ടമായതായും കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്. 2022 ആരംഭിച്ച് അഞ്ച് മാസവും 12 ദിവസവും കഴിയുമ്പോള്‍ ഇന്നാട്ടുകാരായ 71 ഭീകരരെയും 29 വിദേശ ഭീകരരെയും വിവിധയിടങ്ങളില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 49 പ്രാദേശിക ഭീകരരെയും ഒരു വിദേശിയുമാണ് കൊല്ലപ്പെട്ടത്, ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച മാത്രം രണ്ട് ഏറ്റമുട്ടലുകളാണ് കശ്മീരിലുണ്ടായത്. ഇതില്‍ നാലു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ലഷ്കറെ തൊയ്ബ ബന്ധമുള്ളവരാണ്. ഇവരില്‍ രണ്ടു പേര് പോലീസുദ്യോഗസ്ഥരെ വധിച്ച സംഭവത്തില്‍ പങ്കാളികളാണ്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുനൈദ് ഷീര്‍ഗോജ്രി, ശ്രീനഗറിലെ ക്രീസ്ബാല് പാല്പോറയില് അപ്രതീക്ഷിതമായി സുരക്ഷാ സേന വധിച്ച ആദില്‍ പരായ് എന്നിവരാണ് അവര്‍.
ജുനൈദ് ഷീര്‍ഗോജ്രി മെയ് 13നുണ്ടായ പോലീസുദ്യോഗസ്ഥന് റിയാസ് നായ്കോയുടെ കൊലപാതകത്തില്‍ പങ്കാളിയാണ്. പോലീസുകാരായ ഹസ്സന് ദാര്‍, സായ്ഫുള്ള ക്വാദ്രി എന്നിവരുടെ മരണത്തിലും ഒന്‍പതുകാരിയെ പരിക്കേല്‍പ്പിച്ച സംഭവത്തിലും പ്രതിയാണ് ആദില്‍ പരായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: