തൃശൂര്‍: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിനെ സര്‍വ്വകലാശാലയുടെ ഔദ്യോഗിക ചര്‍ച്ചകളിലും യോഗങ്ങളിലും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എംപ്ലോയീസ് സംഘിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് വീണ്ടും കത്ത് നല്‍കി.
അംഗീകാരമില്ല എന്ന കാരണം പറഞ്ഞാണ് യോഗങ്ങളില്‍നിന്ന് സംഘിനെ മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ജിഎ/ജെ1/10349/021 തിയതി 27/08/21 ന് നല്‍കിയ അപ്പീല്‍ മറുപടിയില്‍ സര്‍വ്വകലാശാലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് കേന്ദ്രീകൃത രീതിയില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സംഘടനകളെ പോലും ഔദ്യോഗികമായി സര്‍വ്വകലാശാല ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാറുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം തന്നെ മറുപടി നല്‍കിയതിനു ശേഷമാണ് എംപ്ലോയീസ് സംഘിനോട് മാത്രം വിവേചനം കാണിക്കുന്നത്.
സംഘിനെ ചര്‍ച്ചകളിലും മറ്റും പങ്കെടുപ്പിക്കണമെന്നും അംഗീകാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2021 ജൂലൈയില്‍ ഭാരവാഹികള്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനോ മറുപടി നല്‍കുന്നതിനോ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതത്തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.
സര്‍വ്വകലാശാലാഅധികാരികള്‍ക്ക് നല്‍കുന്ന ഒരു കത്തിനും കൈപ്പറ്റു രസീത് നല്‍കാറില്ലെന്നും പരാതിയുണ്ട്. രസീത് നല്‍കണമെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാല്‍ അത്തരത്തിലുള്ള ശീലങ്ങള്‍ പതിവില്ലെന്ന പരിഹാസമാണ് മറുപടിയെന്നും സംഘ് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം ജനാധിപത്യവിരുദ്ധനടപടികള്‍ പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി.എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: