തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റാക്കറ്റിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം കെ ഗസ്സാലി എന്ന ആളാണ് റാക്കറ്റിന്റെ തലവന്‍. യുവതികളെ മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാള്‍ യുവതികളുടെ കുടുംബത്തെ സമീപിച്ചിരുന്നു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഐഎസിന് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് സ്ത്രീകളിലൊരാളുടെ ഭര്‍ത്താവ് മലയാളി സംഘത്തെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും വോയ്സ് ക്ലിപ്പുകളും അവരുടെ വാട്ട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാന്‍ ഗസ്സാലിയെ മലയാളി സംഘം സമ്മര്‍ദ്ദത്തിലാക്കുകകയും ഒടുവില്‍ മൂന്നു യുവതികളും മോചിതരായി നാട്ടിലെത്തുകയുമായിരുന്നു.
കുവൈറ്റില്‍ കുട്ടികളെ നോക്കാനുള്ള ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ റാക്കറ്റ് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. റിക്രൂട്ട്മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും ഇവരില്‍ നിന്ന് പണം ഈടാക്കാത്തതിനാലുമാണ് പോസ്റ്ററുകള്‍ കണ്ട യുവതികള്‍ റാക്കറ്റിനെ സമീപിച്ചത്. റിക്രൂട്ട്മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് പറഞ്ഞു.
ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍, റാക്കറ്റ് സ്ത്രീകളെ സന്ദര്‍ശന വിസയില്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോയി. പിന്നീട് റോഡ് മാര്‍ഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുവൈറ്റില്‍ സമ്പന്ന അറബ് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം വിറ്റു. അറബി കുടുംബങ്ങള്‍ പീഡനം തുടങ്ങിയതോടെ ഇക്കാര്യം യുവതികള്‍ നാട്ടില്‍ അറിയിക്കുകായിരുന്നു. ഇതേത്തുടര്‍ന്ന് ഗസ്സാലിയെ യുവതികളുടെ ബന്ധുക്കള്‍ സമീപിച്ചപ്പോഴാണ് റാക്കറ്റര്‍മാര്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ഐഎസിന് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗസ്സാലിക്കെതിരെയും ഗസ്സാലിയുടെ ലോക്കല്‍ റിക്രൂട്ടറായി പ്രവര്‍ത്തിച്ച കൊല്ലം പത്തനാപുരം സ്വദേശി അജുമോന് എ ആര് (35) എന്നിവര്‍ക്കെതിരെയും കേസെടുത്തു. റാക്കറ്റ് അംഗങ്ങള്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം ഈ തുക നല്‍കിയില്ലെങ്കില്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പുകളിലേക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: