ഒറ്റപ്പാലം: മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് വിവാഹ സമ്മാനമായി നല്കിയ സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി വിധി. 190 പവന് സ്വര്‍ണമോ തത്തുല്യ തുകയോ മുന്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പത്തിരിപ്പാല സ്വദേശിനിയായ യുവതിക്ക് നല്കാന് ഉത്തരവിട്ടത്.
പാലക്കാട് സ്വദേശിയായ മുന്‍ ഭര്‍ത്താവ് വിവാഹസമയത്ത് കൈപ്പറ്റിയ 190 പവന് സ്വര്‍ണാഭരണമോ അല്ലെങ്കില്‍ അതിന്റെ നിലവിലെ മാര്‍ക്കറ്റ് വിലയോ നല്‍കാനാണ് ഉത്തരവിട്ടിട്ടുള്ളത്. 2009ലാണ് പാലക്കാട് സ്വദേശിയായ യുവാവുമായി ഡോക്ടറായ പത്തിരിപ്പാല സ്വദേശിനിയുടെ വിവാഹം നടന്നത്. 200 പവന് സ്വര്‍ണാഭരണങ്ങളാണ് വിവാഹ സമ്മാനമായി നല്‍കിയിരുന്നത്. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ യുവതിയുടെ 190 പവന് സ്വര്ണാഭരങ്ങള് മുന്‍ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ലോക്കറില്‍ വച്ചു. പിന്നീട് കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനുമായി പീഡിപ്പിക്കുകയും, ഇത് എതിര്‍ത്ത യുവതിയെ പ്രത്യേക കാരണം കൂടാതെ 2015ല്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.
ഇരുഭാഗത്തു നിന്നും ഹാജരായ ഹര്‍ജിക്കാരടക്കമുള്ള 7 ഓളം സാക്ഷികളെയും, ബാങ്ക് മാനേജരെയും, ചന്ദ്രനഗര്‍ ബ്രാഞ്ചിലെ അക്കാലത്തെ ലോക്കര്‍ രേഖകളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് സ്വര്‍ണം തിരികെ നല്കാന് ഉത്തരവിട്ടത്. സമാന കേസില്‍ വന്ന സുപ്രീം കോടതി, ഹൈക്കോടതി വിധികളും പരിഗണിച്ചാണ് വിധി. ഹര്ജികാരിക്കുവേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ.പി.ടി. ഷാഹുല്‍ ഹമീദ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: