തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല സിപിഎം പ്രവര്‍ത്തകര്‍ വെട്ടമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കലാപസാധ്യത മുന്നറിയിപ്പാണ് പോലീസ് നല്‍കിയത്. കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും പ്രധാന നേതാക്കള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും കനത്ത സുരക്ഷ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഇന്നു മുഖ്യമന്ത്രിക്ക് രണ്ടു പൊതുപരിപാടികളുണ്ട്. രാവിലെ പത്തിന് വിളപ്പില്‍ശാലയില്‍ ഇഎംഎസ് അക്കാഡമിയില്‍ നവകേരള വികസന ശില്‍പശാല ഉദ്ഘാടനവും വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളില്‍ ഒരു ലക്ഷം മുന്‍ഗണന റേഷന്‍കാര്‍ഡുകളുടെ വിതരണോദ്ഘാടനവുമാണിത്. ഈ പരിപാടികള്‍ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.
തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ പോലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായിരുന്നു. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി. കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: