ഡോ. രാധാകൃഷ്ണന് ശിവന്
ദേവാലയ നിര്‍മിതിയില്‍ അത്ര തന്നെ പ്രാധാന്യമില്ലെങ്കിലും സാമാന്യന എല്ലാ ഗ്രന്ഥങ്ങളും പരാമര്‍ശം ചെയ്തിട്ടുള്ള ഒരു വിഷയമാണ് നാട്യമണ്ഡപം അഥവാ കൂത്തമ്പലം. കൂത്തമ്പല നിര്‍മാണങ്ങളെ കുറിച്ചുള്ള വാസ്തു പരാമര്‍ശങ്ങള്‍ പല ഗ്രന്തങ്ങളിലായി ചിതറി കിടക്കുന്നവയാണ്, എങ്കിലും ദേവാലയ വാസ്തു വിഷയകങ്ങളായ സാമാന്യന എല്ലാ ഗ്രന്തങ്ങളും അതിലുപരി ഭരതമുനിയുടെ നാട്യശാസ്ത്രവും കൂത്തമ്പല നിര്‍മാണ നിയമങ്ങളെ ക്രോഡീകരിച്ചിട്ടുണ്ട്.
ഭരത മുനി ആത്രേയാദി മഹര്ഷിമാര്ക്ക് പറഞ്ഞു കൊടുക്കുന്ന വിധമാണ് നാട്യശാസ്ത്രത്തില്‍ നാട്യമണ്ഡപത്തിന്റെ നിര്‍മാണ വിധികള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതിന് പ്രകാരം വിശ്വകര്‍മാവിന്റെ ശാസ്ത്ര വിധികള്‍ അനുസരിച്ചുള്ള പ്രേക്ഷാഗൃഹങ്ങള് അഥവാ നാട്യ മണ്ഡപങ്ങള്‍ പ്രധാനമായും മൂന്ന് വിധമാണ്. അവ ജ്യേഷ്ഠം, മധ്യമം, കനിഷ്ഠം എന്നിങ്ങനെയാണ്. ഇവകള്‍ വലുപ്പമനുസരിച്ചുള്ള കല്പനയാണ്. ഇപ്രകാരം തന്നെ ആകൃതിയനുസരിച്ചു നട്യമണ്ഡപങ്ങളെ മറ്റൊരു വിധത്തിലും മൂന്നായി സൂചിപ്പിച്ചിട്ടുമുണ്ട്. അതനുസരിച്ചു ദീര്ഘച്ചതുരം ആണെങ്കില്‍ വികൃഷ്ടം എന്നും സമചതുരമെങ്കില്‍ ചതുരശ്രം എന്നും ത്രികോണാകൃതിയെങ്കില് ത്രശ്രം എന്നിങ്ങനെയാണ് മൂന്ന് വിധം പ്രകാരങ്ങള്‍.
ജ്യേഷ്ഠ മണ്ഡപത്തിന് 108 ഹസ്തം ആണ് നീളം. വീതി 64 ഹസ്തവും. അത് ചതുരശ്രമെങ്കില് 108 തന്നെ നീളവും വീതിയും. ത്രംശം എങ്കില്‍ മൂന്നു ഭാഗങ്ങളും 108 ഹസ്തമാകും. ഇതില്‍ ചെറുതായ മദ്ധ്യമം എന്ന അളവില്‍ പെട്ടവ 64 ഹസ്തം നീളവും അതിന് പകുതി വീതിയോടും കൂടിയതാണ്. കനിഷ്ഠമാകുമ്പോള് 32 ഹസ്തം നീളവും അതില്‍ പകുതി വീതിയുമാകുന്നു. ഇതിന് പ്രകാരം ഒന്‍പതു മണ്ഡപങ്ങളാണ് പ്രധാനമായും നിര്‍മാണത്തില്‍ പ്രധാനമായിട്ടുണ്ടായിരുന്നത്.
ഇവകളില്‍ ഓരോ വിഭാഗവും പ്രത്യേക രൂപകങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെടുന്നവയാണ്. പ്രധാനമായും സംസ്കൃത നാടകാദി രൂപകങ്ങള്‍ പത്തു വിധമാണ്.അവ നാടകം, പ്രകരണം, അങ്കം, ഈഹാമൃഗം, ഡിമം, സമവകാരം, ഭാണം, പ്രഹസനം, വീഥി, വ്യായോഗം എന്നിങ്ങനെയാണ്. ദേവപ്രായരായ നായകന്മാരും അസുരപ്രായരായ പ്രതിനായകന്മാരും പ്രധാന കഥാപാത്രങ്ങളയുള്ള ഡിമരൂപകങ്ങള്ക്ക് കഥപാത്രങ്ങളുടെ പരിക്രമണം, യുദ്ധം,വിദ്രവം (ഓട്ടവും ചാട്ടവും), ഭാണ്ഡവാദ്യങ്ങളുടെ അധിക പ്രയോഗം, കഥപാത്രങ്ങളുടെ ആധിക്യം എന്നിവകളാല്‍ വിസ്തൃതമായ രംഗപീഡത്തിന്റെ ആവശ്യകതയുണ്ട്. അതിനാല്‍ ജ്യേഷ്ഠ വികൃഷ്ട മണ്ഡപമാണ് അനുയോജ്യം.
രാജാവോ രാജാവിന് തുല്യരോ ആയ ദീരോദാത്ത നായകന്മാര് നായകരായിട്ടുള്ള നാടകങ്ങള്‍ക്ക് മധ്യമവികൃഷ്ട മണ്ഡപങ്ങളാണ് ഉചിതം. വിടന്, ധൂര്ത്തന് തുടങ്ങി അധമപ്രകൃതികള് നായകന്മാരായ ഭാണം, ഹാസ്യ രൂപത്തിലുള്ള പ്രഹസനം തുടങ്ങിയ ഏകാങ്കരൂപകങ്ങള്ക്ക് കനിഷ്ഠ ചതുരശ്ര മണ്ഡപങ്ങളോ കനിഷ്ഠ ത്രംശമോ ഉചിതങ്ങളാണ്.
എങ്കിലും സര്‍വമണ്ഡലങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠം ദീര്ഘച്ചതുരമായ വികൃഷ്ട മധ്യമം എന്ന മണ്ഡപമാണ്. അഭിനേതാക്കളുടെ സംഭാഷണവും സംഗീതവും വാദ്യമേളങ്ങളും സുശ്രവ്യവും ഉചിതമായ രംഗ സജ്ജീകരണത്തിനും ഈ മണ്ഡപത്തെ പ്രകൃഷ്ടമാക്കുന്നു എന്ന് ഭാരതമുനിയുടെ അഭിപ്രായമുണ്ട്. ചതുര്വിധാഭിനയങ്ങളുടെ വ്യക്തതക്കുംഇത് തന്നെ ഉചിതം.(വികൃഷ്ട മധ്യമം പ്രശംസ്യം നാട്യശാസ്ത്രം അധ്യായം 2) പ്രായോഗികമായി കൂടുതലും നിര്‍മിക്കപ്പെട്ടിരുന്നത് മാധ്യമ വികൃഷ്ട മണ്ഡപങ്ങളും കനിഷ്ഠചതുരശ്രവും കനിഷ്ട ത്രംശവുമാണ്.
കേരളത്തില്‍ ഏറ്റവും ശ്രേഷ്ഠമായ കൂത്തമ്പലങ്ങള്‍ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലെയും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെയും ആണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: