വിശാഖപട്ടണം: തുടരെ പന്ത്രണ്ട് ജയങ്ങളുടെ പകിട്ടുമായാണ് ന്യൂദല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യയിറങ്ങിയത്. ദല്‍ഹിയും കട്ടക്കും കടന്ന് വിശാഖപട്ടണത്തെത്തുമ്പോള് തുടരെ രണ്ട് തോല്‍വിയോടെ പരമ്പര നഷ്ടത്തിന്റെ വക്കിലാണ് ടീം. ഇന്ന് ജയിക്കാനായില്ലെങ്കില്‍ തോല്‍വിയുടെ ഹാട്രിക്കിനൊപ്പം പരമ്പര നഷ്ടത്തിന്റെ വേദനയും അണിയേണ്ടിവരും. വിശാഖപട്ടണത്ത് ഇന്ന് രാത്രി ഏഴിനാണ് മത്സരം.
പോരാട്ടവീര്യത്തിന്റെ കുറവാണ് ഇന്ത്യന്‍ യുവനിരയുടെ കഴിഞ്ഞ തോല്‍വികളില്‍ നിഴലിച്ചത്. ആദ്യ കളിയില്‍ ഇരുനൂറിലേറെ റണ്‍സെടുത്ത് ബാറ്റിങ്നിര കരുത്തുകാട്ടിയപ്പോള്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. രണ്ടാമത്തേതില്‍ ബൗളര്‍മാര്‍ക്ക് ചെയ്യാവുന്നതിനപ്പുറമായിരുന്നു കാര്യങ്ങള്‍. മുപ്പത് റണ്‍സെങ്കിലും അധികമെടുക്കാനകുമായിരുന്നു ബാറ്റര്‍മാര്‍ക്ക്.
ബാറ്റിങ്ങില്‍ ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, നായകന് ഋഷഭ് പന്ത്, ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സ്ഥിരത പുലര്‍ത്താനാകുന്നില്ല. ഫിനിഷറായി ഉപയോഗപ്പെടുത്താന്‍ നിയോഗിച്ച ദിനേശ് കാര്‍ത്തിക്കിന് അവസരങ്ങളും ലഭിച്ചില്ല. കഴിഞ്ഞ കളിയില്‍ കാര്‍ത്തിക്കിന് മുന്‍പ് അക്സര്‍ പട്ടേലിനെ ഇറക്കിയ പന്തിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു. 21 പന്തില്‍ 31 റണ്‍സെടുത്ത് കാര്‍ത്തിക് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കഴിഞ്ഞ കളിയില്‍ തിളങ്ങി. യുസ്വേന്ദ്ര ചഹല്‍ രണ്ട് കളിയിലും റണ്‍ വഴങ്ങി.
മറുവശത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ അവസരത്തിനൊത്തുയരുന്നു. ആദ്യ കളിയില്‍ വാന്‍ഡെര്‍ ഡ്യൂസനും ഡേവിഡ് മില്ലറും ബാറ്റ് കൊണ്ട് കരുത്തുകാട്ടിയപ്പോള്‍, രണ്ടാമത്തേതില്‍ ഹെന്റിച്ച് ക്ലാസന്റേതായിരുന്നു ഊഴം. കാഗിസൊ റബഡ, വെയ്ന്‍ പാര്‍നെല്‍, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, ടബ്രെയ്സ് ഷംസി എന്നിവരടങ്ങിയ ബൗളിങ് വിഭാഗവും കരുത്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: