കോട്ടയം: 9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വര്‍ഷം കഠിനതടവ്. വെളിയന്നൂര്‍ സ്വദേശിയെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്സോ കേസില്‍ ശിക്ഷിച്ചത്. പ്രതിക്ക് 25000രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴതുക അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിയില്‍ ആയിരുന്നു. പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്മാരായ 15ഉം, 14ഉം വയസുള്ള ആണ്‍കുട്ടികള്‍ സ്കൂള്‍ ഹോസ്റ്റലിലും ആയിരുന്നു. രാമപുരത്തുള്ള വാടക വീട്ടില്‍ താമസിക്കവേയാണ് പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. സംഭവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എറണാകുളം ചേരാനല്ലൂരിലുള്ള മാതാവിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ട പെണ്‍കുട്ടി അവിടെ വച്ച് മുത്തശ്ശിയോട് വിവരം പറയുകയായിരുന്നു.
ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്ത് രാമപുരം സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അന്നത്തെ പാലാ ഡിവൈ.എസ്.പി വി.ജി വിനോദ്കുമാറിന്റെ മേല്‍ നോട്ടത്തില്‍ രാമപുരം പൊലീസ് ഇന്‍സ്പെക്റ്റര്‍ ജോയ് മാത്യുവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. പോള്‍. കെ എബ്രഹാം ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: