കോട്ടയം: പിണറായി വിജയനെതിരെ ആഞ്ഞടിച്ചുള്ള വാര്‍ത്താസമ്മേളനത്തിന് തിങ്കളാഴ്ച പി.സി. ജോര്‍ജ്ജ് എത്തിയത് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ്. മാന്യത ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. പിണറായി വിജയൻ ഒരുമാസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്നും നിലവിലെ സാഹചര്യത്തിൽ ഇപി ജയരാജനാവും മുഖ്യമന്ത്രി സ്ഥാനത്തെത്തുകയെന്നും അദ്ദേഹം പ്രവചിച്ചു. ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകാൻ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യൻ എന്നും പി.സി. ജോർജ് പരിഹസിച്ചു.
ക്രൈം നന്ദകുമാറും താനും സ്വപ്‌നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നു. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും പിന്നീട് ഈ നീക്കത്തിൽ നിന്ന് സ്വപ്ന തന്നെ പിന്മാറി എന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.
സംസ്ഥാനം കണ്ടതിൽവെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പിസി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സ് എത്ര മാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ ജനങ്ങളെ വെല്ലുവിളിച്ചുള്ള യാത്ര. കറുപ്പ് കണ്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉള്ള ശക്തമായ പ്രതിഷേധം രേഖപെടുത്താനാണ് കറുപ്പ് ധരിച്ചു എത്തിയത്. ശബരിമലയിൽ യുവതികളെ കയറ്റാൻ ഉള്ള സർക്കാർ നീക്കത്തിനു എതിരെ നിയമ സഭയിൽ ആണ് താൻ ഇതിനു മുൻപ് കറുപ്പ് ധരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ കൊള്ള നടത്തിയെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമ്പോഴും സിപിഎം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പിസി ജോർജ് ചോദിച്ചു.ഇ.പി. ജയരാജൻ വെറും മഠയൻ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഇവർ മിണ്ടാതിരിക്കുന്നത് ഒന്നുകിൽ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കിൽ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവർ ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: