തൃശ്ശൂര്‍: സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും തൃശൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
സ്കൂളുകളില്‍ എസ്ഡിപിഐ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് അപകടകരമാണ്. ആലുവ ഉളിയന്നൂര്‍ ഗവണ്മെന്റ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് എസ്ഡിപിഐ എന്ന് എഴുതിയ ബാഗുകള്‍ വിതരണം ചെയ്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരും അടയാളങ്ങളും രേഖപ്പെടുത്തിയ വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്കുവാന് പാടില്ലാത്തതാണ്, ശശികല ടീച്ചര്‍ പറഞ്ഞു.
സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദ്യാലയങ്ങളില്‍ കടന്നുകയറി കുട്ടികളുടെ മനസ്സില്‍ വിഭാഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന് അധ്യക്ഷ ഭാഷണത്തില്‍ പറഞ്ഞു.
രണ്ടു മാസം മുന്‍പാണ് പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിയെ ഞാന്‍ ബാബറിയെന്ന ബാഡ്ജ് ധരിപ്പിച്ചത്. ആലുവ ചൂര്‍ണിക്കര സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്സ് ഹൈസ്കൂളില്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മാത്രം എല്ലാദിവസവും ക്ലാസ്സ് ഒഴിവാക്കി മതാരാധന നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കുന്നു. ഇതിനെ സംബന്ധിച്ച് പിടിഎ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുകയും യാതൊരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും തീരുമാനം ഉണ്ടായതാണ്. എന്നാല്‍ ഇതിനു കടകവിരുദ്ധമായാണ് സ്കൂളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത് ഗവണ്മെന്റ് എയ്ഡഡ് സ്കൂള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. മാത്രമല്ല ഈ പ്രത്യേക വിഭാഗം വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂണിഫോം ധരിക്കുന്നുമില്ല. സ്കൂളില്‍ ഒരു യൂണിഫോം കോഡ് നിലവിലുള്ളപ്പോള്‍ അത് തന്നെ ധരിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ നിലവിലുളളതാണ്.
ഒരു മത വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം കൊടുക്കുന്ന സൗജന്യങ്ങള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് മാനസികമായ സംഘര്‍ഷം ഉണ്ടാക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല, നിഷ സോമന് പറഞ്ഞു. സംസ്ഥാന സംയോജകന്‍ എ. ശ്രീധരന്, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി. ബാബു എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കി. ജന. സെക്രട്ടറി ഷീജ ബിജു ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജന.സെക്രട്ടറി ഓമന മുരളി സ്വാഗതവും സെക്രട്ടറി കബിത അനില്‍കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: