തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ഡിഒ കോടതികളിലെ ലോക്കര്‍ മുറികള്‍ ഇനി സിസിടിവി ക്യാമറ നിരീക്ഷണത്തില്‍. തിരുവനന്തപുരം കോടതിയിലെ ലോക്കറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ള തൊണ്ടി മുതല്‍ മോഷണം പോയതോടെയാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് കോടതിയിലെ ലോക്കറില്‍ നിന്ന് 140 പവന് സ്വര്‍ണാഭരണങ്ങളും 140.5 ഗ്രാം വെള്ളിയും 48,500 രൂപയുമാണ് മോഷണം പോയത്. മോഷണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം, മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് പുറമേ പുറത്തുള്ളവര്‍ കൂടി മോഷണത്തില്‍ പങ്കാളിത്തമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്.
തുടര്‍ന്ന് സമാനമായ മോഷണമുണ്ടാകാതിരിക്കാനാണ് സിസിടിവി ക്യാമറകളിലൂടെ സുരക്ഷ ഉറപ്പാക്കുന്നത്. 27 ആര്‍ഡി ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ആര്‍ഡിഒമാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: