തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളന സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്. പോപുലര്‍ ഫ്രണ്ട് ഏരിയാ നേതാക്കള്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലിസില്‍ പരാതി നല്കി. മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും പ്രവാചകനിന്ദ നടത്തിയെന്നും ആരോപിച്ചാണ് പരാതി.
2022 ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ തിരുവനന്തപുരത്ത് ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച് മുസ്ലിംകള്ക്കെതിരായ വിദ്വേഷത്തിനും കലാപാഹ്വാനത്തിനും ആസൂത്രിത ശ്രമം നടത്തിയെന്നാണ് പരാതി. ആര്‍എസ്എസ് നിയന്ത്രണത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളും സഹയാത്രികരും വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയത വളര്‍ത്തിയെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു.
ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍, കേന്ദ്രമന്ത്രി വി.മുരളീധരന്, ഹിന്ദുമഹാസമ്മേളനം ചെയര്മാന് ചെങ്കല്‍ രാജശേഖരന്, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കാസ പ്രസിഡന്റ് കെവിന് പീറ്റര്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. വിവിധ സെമിനാറുകളില്‍ പങ്കെടുത്തവര്‍ മുസ്ലിംകള്ക്കെതിരെ വര്‍ഗീയ വിഷം ചീറ്റിയതായും കലാപാഹ്വാനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഏപ്രില്‍ 30ന് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി. ടി ജി മോഹന്‍ദാസ് കേരളത്തിന്റെ പോലിസ് സംവിധാനത്തെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചു. കെവിന് പീറ്റര്‍ മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുകയും മതസ്പര്‍ധ ഉണ്ടാക്കുംവിധം പ്രസംഗിക്കുകയും ചെയ്തുവെന്നുമാണ് മറ്റ് ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: