ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി തികഞ്ഞ ഏകാധിപതിയായി പെരുമാറുന്നതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികള്‍ക്കായി ജനങ്ങളെ ബന്ദികളാക്കുകയായിരുന്നു. റോഡുകളില്‍ ബാരിക്കേഡുകളുയര്ത്തിയും, വാഹനഗതാഗതം തടഞ്ഞും, ജനങ്ങളെ വഴിനടക്കാന്‍ പോലും അനുവദിക്കാതെയുമാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ നടത്തിയത്. പോലീസ്രാജിലൂടെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. കറുത്ത വസ്ത്രവും കറുത്ത മാസ്ക്കുമൊക്കെ ധരിക്കുന്നത് നിരോധിച്ചും, മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയും ജനാധിപത്യത്തെ പ്രഹസനമാക്കുന്നു. ആശുപത്രിയില്‍ പോകുന്നവരെയും ആരാധനാലയങ്ങളില്‍ പോകുന്നവരെയും പോലീസ് വഴിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. എറണാകുളം നഗരത്തില്‍ മെട്രോയാത്രയ്ക്കെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ മര്‍ദ്ദിച്ച പോലീസ് അവരെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചതാണ് കാരണം. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലാദ്യമായാണ് ഒരു മുഖ്യമ്രന്തിക്കുവേണ്ടി ജനങ്ങളുടെ സ്വാതന്ത്ര്യം ഇങ്ങനെ അപഹരിക്കുന്നത്.
മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ടേ എന്നാണ് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം ചോദിക്കുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ കല്ലെറിഞ്ഞ് ഒരു മുഖ്യമന്ത്രിയുടെ തല പൊട്ടിച്ചവര്‍ ഇങ്ങനെ ചോദിക്കുന്നതിലെ വിരോധാഭാസം കാണാതെ പോകരുത്. എന്തുകൊണ്ടാണ് പോലീസ് പടയുടെ അകമ്പടിയോടെപോലും ഒരു മുഖ്യമന്ത്രിക്കു വഴിനടക്കാന്‍ പറ്റാത്ത അവസ്ഥ വന്നത്? ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനാണ് താനെന്ന് വീമ്പിളക്കുന്നയാള്ക്ക് എന്തുകൊണ്ടാണ് പോലീസ് വലയത്തില്പ്പോലും സുരക്ഷിതത്വം തോന്നാത്തത്? മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ഉള്ഭയത്തിന് കാരണമെന്തെന്ന് ജനങ്ങള്‍ക്ക് അറിയാം. ആര്‍ക്കും എന്തും പറയാമെന്ന് കരുതേണ്ടെന്നും, അങ്ങനെ പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ജനാധിപത്യ സമൂഹത്തില്‍ ആര് എന്തു പറയണമെന്ന് തീരുമാനിക്കുന്നത് ഭരണാധികാരിയല്ല, ജനങ്ങള്‍തന്നെയാണ്. ഈ അധികാരം അവരില്‍നിന്ന് എടുത്തുമാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യാമോഹിക്കരുത്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതില്‍ അമര്‍ഷം കൊള്ളുന്നതും ആക്രോശിക്കുന്നതും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല.
കറുത്ത വസ്ത്രം ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നാണ് പോലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് സര്‍ക്കാരിന്റെ വക്താവായ ഒരു നേതാവ് ചോദിച്ചത്. തങ്ങള്‍ എന്തു വേഷം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അതില്‍ ഇടപെടുന്നത് ഏകാധിപത്യമാണ്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ച് അവരെ അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ശൈലിയാണല്ലോ. എഴു പതിറ്റാണ്ടിലേറെക്കാലം സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്നത് ഇതാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുന്ന ചെനയിലെയും ഉത്തരകൊറിയയിലെയും മറ്റും ജനങ്ങള്‍ ഈ ദുരിതം അനുഭവിക്കുകയും ചെയ്യുന്നു. ജനങ്ങളെ ഇപ്രകാരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മൂന്നര പതിറ്റാണ്ടുകാലത്തെ ബംഗാളിലെ ഇടതുഭരണം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കുമേല്‍ കുതിരകേറാതെ ജനവിരുദ്ധനായി മാറിയ ഭരണാധികാരി രാജിവയ്ക്കുകയാണ് വേണ്ടത്. കള്ളന് കപ്പലില്‍തന്നെ എന്ന പ്രയോഗം കള്ളന് ക്ലിഫ്ഹൗസില്തന്നെ എന്ന് മാറ്റിപ്പറയേണ്ടിവന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തല്‍ അത്രമേല്‍ ഗുരുതരമാണ്. ഇത്തരമൊരു മാര്‍ക്സിസ്റ്റ് മാഫിയാ ഭരണം കേരളത്തിന്റെ സമ്പൂര്‍ണ നാശത്തിലേ കലാശിക്കൂ. അതിനിടവരുത്താതെ നോക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: