പ്രപഞ്ചതത്ത്വങ്ങള്‍ എങ്ങനെയുണ്ടായി എന്നത്, കാര്യകാരണഭാവം, വ്യാപ്യാവ്യാപകഭാവം എന്നിങ്ങനെ രണ്ടു രീതിയിലാണ് ശൈവഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഇവയില്‍ വ്യാപ്യാവ്യാപകഭാവത്തിലെ നാലുതത്ത്വങ്ങള്‍ നേരത്തേ പ്രതിപാദിച്ചു കഴിഞ്ഞു. അഞ്ചാമത്തേതാണ് ശുദ്ധവിദ്യ. ഈ ബോധാവസ്ഥയില്‍ അഹവും ഇദവും സമതുലിതങ്ങളായി നിലകൊള്ളുന്നു. അഹവും ഇദവും ഒരേസമയം അദ്വയവും ദ്വയവുമായി അനുഭവപ്പെടുന്നു. ഇത് പരാവസ്ഥയ്ക്കും അപരാവസ്ഥയ്ക്കും മധ്യേയാണ്. അതായത് പരാപരാവസ്ഥ. ഇവിടെ ക്രിയാശക്തിക്കാണ് പ്രാധാന്യം.
6. മായാതത്ത്വം:
മായാതത്ത്വം
ലീല ആരംഭിക്കുന്നു. മായയും അതിന്റെ കഞ്ചുകങ്ങളും പരമശിവന്റെ അപരിമിതത്ത്വത്തെ പരിമിതമാക്കുന്നു. ഈശ്വരന്റെ സ്വതന്ത്രശക്തിയാണ് മായ. മായ ഭേദബുദ്ധിയുണ്ടാക്കുന്നു. അറിയുന്ന ഞാ
നും അറിയപ്പെടുന്ന വസ്തുവും ഭിന്നമാണെന്ന ബോധം ഉണ്ടാക്കുന്നു. മായയില്‍ നിന്നും പഞ്ചകഞ്ചുകങ്ങള് ഉടലെടുക്കുന്നു.
7. കല:
മായതത്വാത് കലാജാതാ
കിഞ്ചിത് കത്ത്യത്വലക്ഷണം
(തന്ത്രാ ലോകം)
ശിവന്റെ സര്വകര്തൃത്വ സ്വഭാവത്തെ ചുരുക്കി (എന്തും ചെയ്യാന്‍ പോന്ന സ്വഭാവത്തെ) അല്‍
പം കത്ത്യത്വമുള്ളതാക്കി തീര്‍ക്കുന്നതാണ് കല. പഞ്ചകഞ്ചുകങ്ങളില് ആദ്യത്തേതാണ് കല.
8. വിദ്യ:
രണ്ടാമത്തെ കഞ്ചുകമാണ് വിദ്യ. ശിവന്റെ സര്‍വജ്ഞ സ്വഭാവത്തെ ചുരുക്കി പരിമിതമായ അറിവിനു കാരണമാകുന്ന കഞ്ചുകമാണ് വിദ്യ. എല്ലാമറിയുന്ന ശിവനെ ചിലതുമാത്രം അറിയുന്നവനാക്കി വിദ്യ, തീര്‍ക്കുന്നു.
9. രാഗം:
മൂന്നാമത്തെ കഞ്ചുകമാണ് രാഗം. ശിവന്റെ പൂര്‍ണതയെ ചുരുക്കി ഏതെങ്കിലും ചില വസ്തുക്കളോടു മാത്രമായി അഭിനിവേശം തോന്നിപ്പിക്കുവാന്‍ കാരണമായ കഞ്ചുകമാണ് രാഗം.
10. കാലം:
നാലാമത്തെ കഞ്ചുകമാണ് കാലം. ശിവന്റെ നിത്യത്വം എന്ന സ്വഭാവത്തെ ചുരുക്കി, ദേശം, കാലം തുടങ്ങിയവയിലേക്ക് പരിമിതപ്പെടുത്തുന്ന കഞ്ചുകമാണ് കാലം.
11. നിയതി:
അഞ്ചാമത്തെ കഞ്ചുകമാണ് നിയതി. കാര്യകാരണഭാവരൂപമാണ് നിയതി. സര്‍വതന്ത്രസ്വതന്ത്രനായ ശിവനെ ഒരു പ്രത്യേക പ്രവൃത്തിയിലേക്കും അതിന്റെ ഫലത്തിലേക്കും മാത്രമായി ചുരുക്കുന്ന കഞ്ചുകമാണ് നിയതി.
12. പുരുഷന്:
മായയാലും പഞ്ചകഞ്ചുകങ്ങളാലും പരിമിതപ്പെട്ട ജീവനാണ്
പുരുഷന്. ജീവന് പൂര്ണനും അപരിമിതനുമാണ്. ജീവനാകട്ടെ, അ
പൂര്ണനും പരിമിതനുമാണ്. ജീവനെ ക്ഷേത്രജ്ഞന് എന്നു പറയുന്നു.
13. പ്രകൃതി:
അവ്യക്തം, പ്രധാനം, മൂലപ്രകൃതി തുടങ്ങിയവ പ്രകൃതിയുടെ
നാമാന്തരങ്ങളാണ്.
പുരുഷന് അനേകമായതു പോലെ പ്രകൃതിയും അനേകമാണ്. പ്രകൃതിയുടെ പ്രഭവം കലയില്‍ നിന്നാണ്. ത്രിഗുണാത്മികയാണ് പ്രകൃതി. സത്വം, രജസ്, തമസ് എന്നിവയാണ് ത്രിഗുണങ്ങള്‍. ഗുണസാമ്യമാണ് പ്രകൃതി.
14. ബുദ്ധിതത്ത്വം:
നിശ്ചയാത്മികയാണ് ബുദ്ധി. ഒന്നിനെ ഇതാണെന്ന് തീര്ച്ചപ്പെടുത്തുന്ന സ്വഭാവം. ബുദ്ധി പ്രവര്‍ത്തിക്കുന്നതു വഴിയാണ് വസ്തുക്കളെക്കുറിച്ച് ഉറച്ച ജ്ഞാനം ഉണ്ടാകുന്നത്. ബുദ്ധിക്ക് എട്ടു ധര്‍മങ്ങളുണ്ട്. ധര്‍മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, അധര്‍മം, അജ്ഞാനം, അവൈരാഗ്യം, അനൈശ്വര്യം.
15. അഹങ്കാരതത്ത്വം:
ആത്മാഭിമാനത്തിനു ഹേതുവാണ് അഹങ്കാരം. ഇത് എന്റേതാണ്, ഇത് എന്റേതല്ല എന്ന മമതയ്ക്കു കാരണം. ബുദ്ധിയില്‍ നിന്നുമാണ് അഹങ്കാരമുണ്ടാകുന്നത്.
16. മനസ്തത്ത്വം:
സങ്കല്പ വികല്പങ്ങള് ഉണ്ടാക്കുന്നതാണ് മനസ്സ്. ഇത് അഹങ്കാരത്തില്‍ നിന്നും ഉണ്ടാകുന്നു. മനസ്സു തന്നെയാണ് സങ്കല്പം. മനസ്സ് ഒരേ സമയം കര്‍മേന്ദ്രിയവും ജ്ഞാനേന്ദ്രിയവുമാണ്.
17 -18. ജ്ഞാനേന്ദ്രിയങ്ങള്‍:
ജ്ഞാനേന്ദ്രിയങ്ങള്‍ വഴിയാണ് നാം ബാഹ്യലോകത്തെ അറിയുന്നതും ഉള്‍ക്കൊള്ളുന്നതും.
ശ്രോത്രം: ശ്രവണേന്ദ്രിയം
ത്വക്ക് : സ്പര്‍ശേന്ദ്രിയം
ചക്ഷുസ്സ്: ദര്‍ശനേന്ദ്രിയം:
രസന: രസനേന്ദ്രിയം
ഘ്രാണം: ഘ്രാണേന്ദ്രിയം
ഇവ അഞ്ചും അഹങ്കാരത്തില്‍ നിന്നും ഉണ്ടാകുന്നു. ജ്ഞാനത്തിന് ഉപാധിയായി വര്‍ത്തിക്കുന്നതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ എന്നു പറയുന്നു. പ്രപഞ്ചബോധത്തിന് കാരണം ഇവയാണ്.
22 -26 കര്‍മേന്ദ്രിയങ്ങള്‍:
നമ്മുടെ പ്രവൃത്തിക്ക് ഉപാധിയാകുന്ന ഇന്ദ്രിയങ്ങളാണ് കര്‍മേന്ദ്രിയങ്ങള്‍. ഇവയും അഹങ്കാരജന്യമാണ്.
വാക്: വാഗ്വിന്ദ്രിയം
പാണി: പ്രവൃത്തി
പാദം: സഞ്ചാരം
പായു: വിസര്‍ജ്ജനം
ഉപസ്ഥം: ഉല്പാദനം
27 -31 പഞ്ചതന്മാത്രകള്:
പഞ്ചതന്മാത്രകള് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മ രൂപങ്ങളാണ്.
ശബ്ദം: ശ്രവണം വഴി അറിയുന്നു
സ്പര്‍ശം: ത്വക് വഴി സ്പര്‍ശം അറിയുന്നു
രൂപം: ചക്ഷുസിലൂടെ കാഴ്ച അറിയുന്നു
രസം: ജിഹ്വയിലൂടെ രുചിയറിയുന്നു
ഗന്ധം: ഘ്രാണത്തിലൂടെ മണം അറിയുന്നു.
ഇവയും അഹങ്കാരത്തിന്റെ ഉല്പന്നങ്ങളാണ്.
32- 36 പഞ്ചഭൂതങ്ങള്‍:
ആകാശം: ശബ്ദതന്മാത്ര
വായു : സ്പര്‍ശ തന്മാത്ര
തേജസ്: രൂപ തന്മാത്ര
ജലം: രസതന്മാത്ര
പൃഥിവി: ഗന്ധതന്മാത്ര
പ്രപഞ്ചം പൂര്‍ണമായും അനുഭവഗോചരമാകുന്നത് പൃഥ്വിവി തലത്തിലാണ് . ചിദ്ഘനസ്വരൂപനായ ശിവനും ശക്തിയും സത്യമായതിനാല്‍ പ്രപഞ്ചവും സത്യമാണ്. 36 തത്ത്വങ്ങളാണ് പ്രപഞ്ചമെന്നത്. ഈ 36 തത്വങ്ങളെ ചുരുക്കി അഞ്ച് കലകളിലായി ഉള്‍പ്പെടുത്തിയതായി ശൈവഗ്രന്ഥങ്ങളിലൂടെ അഥവാ ശൈവപൂജാ സമ്പ്രദായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കാണാന്‍ സാധിക്കൂ.
1.ശാന്ത്യാതീതം: ശിവന്, ശക്തി
2. ശാന്തികല: സദാശിവന്, ഈശ്വരന്, ശുദ്ധവിദ്യ
3. വിദ്യാകല: മായ, കല, വിദ്യ, രാഗം, കാലം, നിയതി, പുരുഷന്
4. പ്രതിഷ്ഠാകല: പ്രകൃതി മുതല്‍ ജലതത്ത്വം വരെ
5. നിവൃത്തികല: പൃഥിവി
പൂജയിലാണ് ഈ കലകള്‍, സാങ്കേതികമായി ഉപയോഗിക്കുന്നത്. എല്ലാ തത്ത്വങ്ങളിലും ശിവന് വ്യാപിച്ചു കിടക്കുന്നു. ശിവന്റെ വിസ്മയാവസ്ഥയാണ് ഈ പ്രപഞ്ചാവസ്ഥ അഥവാ പ്രപഞ്ചബോധം.
(തുടരും)
(കുറിപ്പ്: ശിവാദ്വയവാദത്തിന്റെ ആദ്യഭാഗത്തു പ്രസിദ്ധീകരിച്ച സ്വേഛയാ … എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ അക്ഷരത്തെറ്റു വരാനിടയായി. അത്, സ്വേഛയാ സ്വഭിത്തൗ വിശ്വം ഉണ്മീലയതി എന്നു തിരുത്തി വായിക്കുക.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: