കൊച്ചി : തങ്ങള്‍ ഇനിയും കറുത്ത വസ്ത്രം ധരിച്ച് തെരുവിലിറങ്ങുമെന്ന് ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെത്തിപ്പോള് അസാധാരണമായി കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പിണറായിയുടെ ഈ നടപടിയെ സിപിഎം നേതാവ് ഇ.പി. ജയരാജന് അനുകൂലിച്ച് സംസാരിച്ചതിനോട് പ്രതികരിക്കുയായിരുന്നു ടി.പി. സിന്ധു.
കറുത്ത വസ്ത്രം ധരിച്ച് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറായ അവന്തികയേയും സുഹൃത്ത് അന്ന എന്നിവരേയും പോലീസ് തടയുകയും അറസ്റ്റ് രേഖപ്പെടുത്തി അവിടെ നിന്നും നീക്കുകയായിരുന്നു. എന്ത് ധരിക്കണം, എന്ത് കഴിക്കണമെന്നതെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. കറുത്ത മാസ്ക് ധരിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം. എല്ലാ കരുക്കളും നീക്കുന്ന അഭിനവ ശകുനിയാണ് കോടിയേരി ബാലകൃഷ്ണന്. ഇ.പി. ജയരാജന് നപുംസകമെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാക്കണം. ഷാജ് കിരണിനെതിരെ കോടിയേരിക്ക് മിണ്ടാട്ടമില്ലെന്നും സിന്ധുമോള്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് അവന്തികയേയും അന്നയേയും എത്തിച്ചത് ഡിജിപിയുടെ സര്‍ക്കുലര്‍ പാലിക്കാതെയാണെന്നും അവര്‍ ആരോപിച്ചു. ട്രാന്സ്വുമണായ ഇരുവരേയും അറസ്റ്റ് ചെയ്ത് നീക്കിയത് പുരുഷ പോലീസാണ്. അത് കൂടാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നവഴിയില്‍ വാഹനത്തില്‍ വെച്ച് ഇരുവരേയും പോലീസുകാര്‍ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പരിപാടി കഴിഞ്ഞ് എറണാകുളം ജില്ല വിട്ടശേഷമാണ് ഇരുവരേയും പോലീസ് ആള് ജാമ്യത്തില്‍ വിട്ടയച്ചത്. തുടര്‍ന്ന് ഇരുവരും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവന്തികയെന്ന ട്രാന്‍സ് വുമണെ നിരന്തരം വേട്ടയാടുകയാണ്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സംഭവത്തില്‍ പ്രതിഷേധിക്കും. ഇനിയും തങ്ങള്‍ കറുത്ത വസ്ത്രമണിഞ്ഞ് തെരുവിലിറങ്ങും. സംഭവത്തില്‍ ഡിജിപിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും പരാതി നല്‍കുമെന്നും സിന്ധുമോള്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം ബിജെപി ജില്ലാ കാര്യാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, അവന്തിക എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: