തവനൂര്‍ : ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ അസാധാരണ നിയന്ത്രണങ്ങളും പോലീസ് സുരക്ഷയുമായി മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി പോകുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തവനൂരില്‍ മുഖ്യമന്ത്രിയുടെ വേദിക്ക് പുറത്തായി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലും പോലീസ് ബാരിക്കേഡുകള്‍ തകര്ത്താന് യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
തവനൂരിലെ പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും കെ.ടി. ജലീലും പങ്കെടുക്കുന്നുണ്ട്. ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ ക്രമീകരണത്തിലാണ് മുഖ്യമന്ത്രി എത്തിയത്. മലപ്പുറത്തും കോഴിക്കോടുമായി രണ്ട് പരിപാടികളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. കോട്ടയത്തും കൊച്ചിയിലും അരങ്ങേറിയ മുഖ്യമന്ത്രിയുടെ സുരക്ഷ മലപ്പുറത്തും ആവര്‍ത്തിക്കുകയാണ്. കറുത്ത മാസ്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. എസ്പിക്ക് നേരിട്ടാണ് സുരക്ഷയുടെ മേല്‍നോട്ടം. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുജനങ്ങളോടെ ബദല്‍ റോഡ് ഉപയോഗിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മുമ്പേ പരിപാടി നടക്കുന്ന സ്ഥലത്ത് എത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തവനൂരില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയ പൊതു ജനങ്ങളുടെ മാസ്ക് അഴിപ്പിച്ചു. പകരം മറ്റ് നിറങ്ങളിലുള്ള മാസ്കുകള്‍ പോലീസ് നല്കി.
മുഖ്യമന്ത്രി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറത്തെ കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണങ്ങളാണ്. സമീപത്തെ ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങള്‍ ബദല്‍ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെയാണ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ചില്‍, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: