മണികണ്ഠൻ കുറുപ്പത്ത്
തൃശൂർ: ആകാംക്ഷഭരിതമാക്കുന്ന വരികളിൽ കുറ്റാന്വേഷകന്റെ കൂർമ്മ ബുദ്ധിയും തെളിഞ്ഞു നിൽക്കുമെന്ന് തെളിയുക്കുന്നതാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ ” രാജമുദ്ര കേസ് ഡയറി ” എന്ന ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ. തൃശൂർ എറവ് സ്വദേശിയും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുരേന്ദ്രൻ മങ്ങാട്ടിന്റെ ഏഴാമത്തെ നോവലായ രാജമുദ്ര കേസ് ഡയറി അടുത്തയാഴ്ച്ച വായനക്കാരിലെത്തും. ക്രൈം ഫിക്ഷൻ ഇനത്തിലുള്ളതാണ് ഈ നോവൽ.
ഒരു മരണവും കുറ്റവാളിയിലേക്കുള്ള അന്വേഷണവുമാണ് രാജമുദ്ര കേസ് ഡയറി എന്ന നോവലിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. യാഥാർഥ്യവും അതിലേറെ ഭാവനയും നിറഞ്ഞ ഈ നോവലിലെ ചില കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. അറുപതോളം ചെറുകഥകൾ രചിച്ചിട്ടുള്ള സുരേന്ദ്രന്റെ നാല് ചെറുകഥാ സമാഹാരങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലത്തിന്റെ തലേവരകൾ, സർവ്വം കാലകൃതം, ബാലരാമൻ, കാളമന ചെപ്പേടുകൾ എന്നിവ സുരേന്ദ്രന്റെ മികവാർന്ന രചനകളാണ്. ഒഴുക്കുള്ള ഭാഷയും
ആഖ്യാനത്തിൽ സ്വീകരിക്കുന്ന വ്യത്യസ്തതയും സുരേന്ദ്രന്റെ എഴുത്തിന്റെ ശൈലി.
കേരള പോലീസ് ആദ്യമായി പുറത്തിറക്കിയ മുഴുനീള ഫീച്ചർ ഫിലിം ഡയൽ 1091 ന്റെ കഥയും തിരക്കഥയും ഒരുക്കിയത് സുരേന്ദ്രൻ മങ്ങാട്ടാണ്. നിരവധി ടെലി ഫിലിമുകൾക്ക് തിരക്കഥയും, വിജിലൻസിന് വേണ്ടി തയ്യാറാക്കിയ ‘നിശബ്ദരാകരുത്’ എന്ന ടെലി ഫിലിമിന്റെ കഥയും തിരക്കഥയും സംവിധാവനവും നിർവ്വഹിച്ചിരിക്കുന്നത് സുരേന്ദ്രൻ മങ്ങാട്ടാണ്. ജൂൺ 19ന് വായന ദിനത്തിൽ സാഹിത്യ അക്കാദമിയിൽ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടക്കുന്ന രാജമുദ്ര കേസ് ഡയറി നോവലിന്റെ പുസ്തക പ്രകാശന ചടങ്ങിൽ നോവൽ സാഹിത്യ രംഗത്തെ പ്രശസ്തരായ ടി. ഡി. രാമകൃഷ്ണൻ, പി. സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ എഴുത്തുകാർ പങ്കെടുക്കും. കറന്റ് ബുക്സാണ് പ്രസാധകർ. സ്മിതയാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ ഭാര്യ. മക്കൾ ശ്രദ്ധ, ജീത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: