ഉദയകുമാര്‍ കലവൂര്‍
ഒരു മണ്‍സൂണ്‍ കാലമായിരുന്നു അത്. ഉച്ച വരെ നല്ല മഴയായിരുന്നു. ഇപ്പോള്‍ കുറച്ചു തെളിവുണ്ട്. നേരിയ വെയിലും. പതിവു സമയത്ത് തന്നെ സ്കൂള്‍ വിട്ടു.
അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലാണ് അവന് പഠിക്കുന്നത്. എട്ടാം ക്ലാസില്‍. രണ്ടു മൂന്നു കൂട്ടുകാര്‍ ഒപ്പം ഉണ്ടായിരുന്നു. കളിച്ചും ചിരിച്ചുമൊക്കെ അവന്‍വീട്ടില്‍ എത്തി. മണി നാലര കഴിഞ്ഞിരുന്നു അപ്പോള്‍.മുറ്റത്ത് ആരെയും കണ്ടില്ല. മിക്കവാറും ദിവസങ്ങളില്‍, മുത്തശ്ശി ഉമ്മറത്ത് കാണും.
പുസ്തക സഞ്ചി കോലായിലെ മേശപ്പുറത്ത് വെച്ചു. ഷര്‍ട്ട് ഊരി ഭിത്തിയിലെ ആണിയില്‍ തൂക്കി. പെട്ടെന്നാണവനതുകണ്ടത്. അവന്റെ മണ്കുടുക്ക നിലത്ത് ചിന്നിച്ചിതറിക്കിടക്കുന്നു. ഈശ്വരാ…! ആരാണിതു ചെയ്തത്?
അവന് അമ്മേ.. എന്ന് അലറിവിളിച്ചു പോയി. അമ്മ ധൃതിയില്‍ ഓടി വന്നു. അടുക്കളയില്‍ ആയിരുന്നു അവര്‍.
അമ്മയുടെ മൂക്കിന് തുമ്പ് വിയര്‍ത്തിരുന്നു. കൈത്തണ്ടയില്‍ കരി പുരണ്ടിരുന്നു. ഒരു മുഷിഞ്ഞ നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്. അമ്മ അവനെ ചേര്‍ത്തു നിര്‍ത്തി.
”മോനെ, അച്ഛന്റെ കൂട്ടുകാരന് ജോസേട്ടന്റെ മകന് പെട്ടെന്നൊരസുഖം. ആശുപത്രീപ്പോകാന്‍ കാശില്ലാഞ്ഞിട്ട്, അച്ഛനാ കുടുക്ക പൊട്ടിച്ചത്.”
അവന് അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അമ്മ അവനോടു കള്ളം പറയില്ല.
”….അച്ഛന് ദാ ഇപ്പോ, അങ്ങോട്ടിറങ്ങിയതേയുള്ളു.”
അമ്മ അവനെ സാന്ത്വനിപ്പിച്ചു. അവന് എന്തോ! ഒരു അലിവ് തോന്നി. അവന്റെ കാശ് ഒരു നല്ല കാര്യത്തിന് പ്രയോജനപ്പെട്ടല്ലൊ! അവന് എന്തെന്നില്ലാത്ത ഒരുസന്തോഷം തോന്നി. അഭിമാനവും.
കുടുക്കയില്‍ എത്ര രൂപ ഉണ്ടായിരുന്നു എന്ന് അറിയാന്‍ അവന് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. എങ്കിലും; അത് അവന് ചോദിച്ചില്ല. ബിന്നിക്ക് എന്താണ് അസുഖം എന്നും ചോദിക്കാന്‍ അപ്പോള്‍ അവന് തോന്നിയില്ല.
അര മണിക്കൂര്‍ കഴിഞ്ഞു. അമ്മ ഉണ്ടാക്കിക്കൊടുത്ത ഗോതമ്പു ചപ്പാത്തിയും കട്ടന്‍ ചായയും കഴിച്ചു. ഒരു നോട്ടുബുക്ക് വാങ്ങാനായി അടുത്തുള്ള ജംഗ്ഷനിലേക്ക് ചെന്നു. പെട്ടെന്ന്; അവന് സ്തംഭിച്ചു പോയി. അതാ നില്ക്കുന്നു, അച്ഛനും അരികിലായി ജോസേട്ടനും. മദ്യശാലയ്ക്കു മുന്നിലെ ക്യൂവില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: