സിംഗപ്പൂര്‍: ഉക്രൈന് മേല്‍ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത പരാമര്‍ശവുമായി ജപ്പാന് പ്രധാനമന്ത്രി ഫൂമിയോ കിഷിദ. റഷ്യയേയും ചൈനയേയും ലഷ്യമിട്ടാണ് പരാമര്‍ശം നടത്തിയത്. ഷാന്‍ഗ്രി-ലാ-ഡയലോഗ് എന്ന രാജ്യന്തര സംവാദത്തിലാണ് ഏഷ്യയില്‍ ചൈനയും റഷ്യയുമുണ്ടാക്കുന്ന അസ്വസ്ഥതയെ കിഷിദ എടുത്തുപറഞ്ഞത്. ഇന്ന് ഉക്രൈന് സംഭവിച്ചത് നാളെ കിഴക്കന്‍ ഏഷ്യയ്ക്കും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഏറെ പ്രധാനപ്പെട്ടതും ഉടന്‍ ശ്രദ്ധആവശ്യമുള്ളതുമായ സാഹചര്യത്തെയാണ് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. അത് നിലവില്‍ ഉക്രൈന് സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ കിഴക്കന്‍ ഏഷ്യയ്ക്കും സംഭവിക്കും എന്നതാണ്. റഷ്യയോടുള്ള സമീപനത്തിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അന്താരാഷ്ട്ര സമൂഹം റഷ്യയ്ക്ക് മേല്‍ എടുക്കുന്ന ഉപരോധത്തെ തങ്ങള്‍ പിന്തുണയ്ക്കുകയാണ്.’ ഫൂമിയോ കിഷിദ പറഞ്ഞു.
പസഫിക് മേഖലയിലെ സുതാര്യവും സ്വതന്ത്രവും തുറന്നതുമായ വാണിജ്യ-വ്യാപാര അന്തരീക്ഷത്തെയാണ് നിലവിലെ സംഘര്‍ഷം ബാധിച്ചിരിക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ പ്രതിരോധ തന്ത്രങ്ങളും ഏറെ നിര്‍ണ്ണായകമാണെന്ന് ചൈനയില്‍ നിന്നും പ്രകോപനം ഏറ്റുവാങ്ങുന്ന ജപ്പാന് തുറന്നടിച്ചു. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസാണ് സംവാദം സംഘടിപ്പിച്ചത്.മേഖലയിലെ സുരക്ഷിത അന്തരീക്ഷം നിലനിര്‍ത്താന്‍ ജപ്പാന് പ്രതിജ്ഞാബദ്ധമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖല ശാക്തീകരിക്കുക തന്നെ ചെയ്യും. പ്രതിരോധിക്കുക മാത്രമല്ല വേണ്ടിവന്നാല്‍ തിരിച്ചടിക്കാനും ജപ്പാന് തയ്യാറെടുത്ത് കഴിഞ്ഞുവെന്നും കിഷിദ പറഞ്ഞു.
രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും സംഭാവന നല്കുമ്പോള് തന്നെ ‘ജപ്പാന് ജനതയുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാന്‍’ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കിഷിദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: