കൊച്ചി : സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയത് വീണ്ടെടുക്കാന്‍ വേണ്ടി തമിഴ്നാട്ടിലെ ടെക്നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത്. തമിഴ്നാട്ടില്‍ മറ്റൊരാളെ കാണാനുണ്ടെന്നും ഇബ്രാഹിം സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിച്ചു വരുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം അറിയിച്ചു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കിയതോടെയാണ് ഇരുവരും തമിഴ്നാട്ടിലേക്ക് പോയത്. ഇവരെ മാറ്റി നിര്ത്തിയതാണോയെന്നും സംശയം ഉയരുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയോ, വെള്ളിയാഴ്ച രാത്രിയോ ആണ് ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നിരിക്കുന്നത്.
സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തങ്ങളുടെ ഫോണ്‍ പരിശോധിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തത്. എന്നാല്‍ സ്വപ്ന തങ്ങള്‍ക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ വീഡിയോ തിരിച്ചെടുത്ത് പുറത്തു വിടാന്‍ ഒരുങ്ങുന്നത്. പെട്ടെന്ന് തന്നെ വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലെത്തി അത് പുറത്തു വിടും. അല്ലാതെ തങ്ങള്‍ ഒളിച്ചോടിയതല്ലെന്നും ഇബ്രാഹിം അറിയിച്ചു.
ഒരു തെറ്റും ചെയ്തിട്ടില്ല. സഹായം അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീക്ക് തങ്ങളാല്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തു നല്കി. അവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്ലാനിലേക്ക് തങ്ങള്‍ ചെന്ന് ചാടുകയായിരുന്നു. തിരിച്ചെടുക്കുന്ന വീഡിയോ കണ്ടാല്‍ എല്ലാവര്ക്കും മനസ്സിലാകും. എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്. ആരുടെ നിര്‍ബന്ധത്താലാണ് ഈ മൊഴികൊടുത്തത് എന്ന്. എല്ലാത്തിനുള്ള ഉത്തരം വീഡിയോയില്‍ ഉണ്ടാകും. സ്വപ്ന സുരേഷ് കഴിഞ്ഞദിവസം പുറത്തുവിട്ട ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്നും ഇബ്രാഹിം ആരോപിച്ചു.
കേസില്‍ ഷാജ് കിരണ്‍ തന്നെ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിക്കുന്നതിന്റെ ഓഡിയോയാണ് സ്വപ്ന കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു ഓഡിയോയിലെ സംഭാഷണങ്ങള്‍. ഫോണില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍ ഈ റെക്കോഡുകള്‍ എഡിറ്റ് ചെയ്തതാണെന്നും അല്ലാത്ത സംഭാഷണങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും ഷാജ് കിരണും പ്രതികരിച്ചിരുന്നെങ്കിലും ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: