തിരുവനന്തപുരം: കൂടുതല്‍ വളര്‍ച്ചയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ നഗരങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനം ഏറെ പ്രധാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷന്‍ ട്രിവാന്‍ഡ്രം 2025 എന്ന പ്രമേയത്തില്‍ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് (ടിഎംഎ) സംഘടിപ്പിക്കുന്ന ദ്വിദിന വാര്‍ഷിക മാനേജ്മെന്റ് കണ്വെന്ഷന് ‘ട്രിമ 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച അടിസ്ഥാന സൗകര്യങ്ങളും മാലിന്യരഹിത അന്തരീക്ഷവും മെച്ചപ്പെട്ട ജീവിത നിലവാരവും ഭരണനിര്‍വണ സംവിധാനവുമുള്ള നഗരങ്ങളാണ് ആധുനികസമൂഹം താത്പര്യപ്പെടുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ രാജ്യം പുരോഗതിയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുമ്പോള്‍ സാങ്കേതികവിദ്യയിലും കണക്റ്റിവിറ്റിയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബായി മാറാന്‍ തിരുവനന്തപുരത്തിനാകും. തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനം ‘സബ്കാ സാത്ത്’, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന ആശയം ഉള്‍ക്കൊള്ളുന്നതായിരിക്കണം. കണ്‍വെന്‍ഷന്റെ പ്രമേയമായി വിഷന്‍ ട്രിവാന്‍ഡ്രം 2025 തെരഞ്ഞെടുത്തതിന് ടിഎംഎയെ അഭിനന്ദിച്ചു.
സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയ ബന്ധങ്ങളും അടിസ്ഥാന സൗകര്യങ്ങളും, നവീകരണവും സംരംഭകത്വവും തുടങ്ങിയ പ്രധാന വിഷയങ്ങള്‍ തലസ്ഥാന നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പ്രധാന വിഷയങ്ങളായി തെരഞ്ഞെടുത്തതിലൂടെ കണ്വെന്ഷന് മാനേജ്മെന്റിന്റെ സാമൂഹിക ഉത്തരവാദിത്വം അംഗീകരിക്കുകയാണ്. ഒരു സമൂഹത്തിന്റെ ജീവിത നിലവാരമാണ് മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. കോവിഡ് മഹാമാരിയില്‍ ഇന്ത്യ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലുതും മികച്ചതുമായ വാക്സിന് യജ്ഞം ഇതിന് ഉദാഹരണമാണ്.
യുവതലമുറയിലെ ഭരണനിര്‍വഹകര്‍ക്ക് അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് നിര്‍ദേശിച്ച ഗവര്‍ണര്‍, പുരാതന ഇന്ത്യ ആവിഷ്കരിച്ചതും പകര്‍ന്നു നല്കിയതുമായ മാനേജ്മെന്റിന്റെ സുവര്‍ണ തത്വങ്ങള്‍ അനുസ്മരിച്ചു. ഏതൊരു ബിസിനസ് പ്രവര്‍ത്തനവും സമൂഹത്തിന് വലിയ തോതില്‍ ഗുണം ചെയ്യണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ടിഎംഎ അംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി കെപിഎംജി സമാഹരിച്ച ‘ട്രിവാന്‍ഡ്രം വിഷന്‍ 2025എ സ്നാപ്ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡവലപ്മെന്റ് ജേര്‍ണി’ എന്ന പുസ്തകത്തിന്റെ പ്രകാശനം വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന് നായര്‍ക്ക് ആദ്യപ്രതി നല്കി ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകള്‍ക്ക് ടിഎംഎ ഏര്‍പ്പെടുത്തിയ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2022 ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ്.സോമനാഥിന് വേണ്ടി വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന് നായര്‍ ഗവര്‍ണറില്‍ നിന്ന് സ്വീകരിച്ചു.
ടിഎംഎ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിനു വേണ്ടി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ റീജണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും, സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്കുള്ള ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് എല്‍വിക്ടോ ടെക്നോളജീസിനു വേണ്ടി മാനേജിംഗ് ഡയറക്ടര്‍ അജയ് അജയ് ജോസ്, ഡയറക്ടര്‍ സജി ജോസഫ് എന്നിവരും, തിരുവനന്തപുരം മിഷന് 2030 നെക്കുറിച്ചുള്ള മികച്ച പേപ്പര്‍ അവതരണത്തിനുള്ള ടിഎംഎകിംസ് അവാര്‍ഡിന് അര്‍ഹരായ സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ അതിരജ് ജെആര്‍ നായര്‍, രണ്ടാം സ്ഥാനം നേടിയ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ ആകാശ് എസ്, അജീഷ് വി.എസ്, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ ഉത്തര നായര്‍, രാഹുല്‍ എ. എന്നിവരും ഗവര്‍ണറില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു.
തിരുവനന്തപുരത്തെ ഭാവി വളര്‍ച്ചയുടെ നഗരമാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങളും പദ്ധതികളും കണ്വെന്ഷന് പരിശോധിക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ടിഎംഎ പ്രസിഡന്റും അദാനി വിഴിഞ്ഞം പോര്‍ട്ട് െ്രെപവറ്റ് ലിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ പറഞ്ഞു.
തലസ്ഥാന നഗരത്തെ ചലനാത്മകവും ഊര്‍ജ്ജസ്വലവുമായ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന് ഒരു വികസന പാത രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് വിഷയാവതരണം നടത്തിയ ട്രിമ 2022 ചെയര്‍മാനും കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു.
കേരളത്തിന്റെയും അതിന്റെ തലസ്ഥാനത്തിന്റെയും വികസനത്തില്‍ സുസ്ഥിരമായ സംഭാവന നല്കാന് ടിഎംഎ കണ്വെന്ഷന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ്.സോമനാഥ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു.തലസ്ഥാന നഗരത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം യുവാക്കള്‍ക്കും ഭാവിതലമുറയ്ക്കുമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു.
കെപിഎംജി അസോസിയേറ്റ് ഡയറക്ടര്‍ രേഖ ജോയ് വിഷന്‍ ട്രിവാന്‍ഡ്രം 2025 നെക്കുറിച്ചുള്ള അവതരണം നടത്തി. ടിഎംഎ സെക്രട്ടറി സുനില്‍കുമാര്‍ എ. ചടങ്ങിന് നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം സുസ്ഥിര വികസനം എന്ന വിഷയത്തിലെ ആദ്യ ടെക്നിക്കല്‍ സെഷനില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ അനില്‍ ബാലകൃഷ്ന്, വിനീത ഹരിഹരന്, രഞ്ചിത് രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജി വിജയരാഘവന് മോഡറേറ്ററായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: