തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു.
ഷാജ് കിരണിന്റെ ശബ്ദ രേഖ സ്വപ്ന പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ കൊണ്ട് രാജിവെപ്പിക്കുകയാണ് ലക്ഷ്യം. ആരോപണങ്ങള്‍ പുതുതായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ഇത്തരം കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.ഐ.എം കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നല്കിയ രഹസ്യ മൊഴിയും ഇപ്പോള്‍ നല്കിയ രഹസ്യ മൊഴിയും തമ്മില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വര്‍ഷം മുന്‍പ് അവര്‍ മൊഴി നല്കി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. ഷാജ് കിരണ്‍ എന്ന പേര് തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: