ന്യൂദല്‍ഹി: പ്രവാചക പരാമര്‍ശത്തില്‍ മാധ്യങ്ങളുടെ അമിത ആവേശത്തെ വിമര്‍ശിച്ച് പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. സത്യം വിളിച്ച് പറയേണ്ട മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനാണ് വിഷയത്തെ ഉപയോഗിച്ചത്. തുടര്‍ന്ന് യു.പിയിലെ കാണ്‍പുരില്‍ ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.
ഭരണഘടന മൂല്യങ്ങള്‍ക്കും നിയമവാഴ്ചക്കും ശക്തിപകരേണ്ട മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ ആശങ്കയുണ്ടെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. സാമുദായിക അന്തരീക്ഷം കലങ്ങിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പ്രവാചക പരാമര്‍ശത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും മാധ്യമങ്ങള്‍ പാലിച്ചില്ല. കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചാനലുകള്‍ പ്രവര്‍ത്തിച്ചതെന്നും ഗില്‍ഡ് പറഞ്ഞു.
തങ്ങള്‍ ചെയ്തത് ശരിയോയെന്ന് ചാനലുകള്‍ വിമര്‍ശനാത്മകമായി പരിശോധിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമലോകം ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: